ബൊമ്മക്കൊലു പെരുഞ്ചെല്ലൂരിന്റെ ഖ്യാതി വീണ്ടെടുക്കും-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

തളിപ്പറമ്പ്: ബ്രാഹ്‌മണരുടെ ആചാരമായ ബൊമ്മക്കൊലു സമൂഹത്തിലെ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചതില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ബ്രാഹ്‌മണ സമൂഹത്തെ അഭിനന്ദിച്ചു.

ഇത്തരം ആഘോഷങ്ങള്‍ പെരുഞ്ചെല്ലൂരിന്റെ ഖ്യാതി വീണ്ടെടുക്കാന്‍ സഹായകമാവുമെന്നും ബൊമ്മക്കൊലു ഉല്‍സവം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങള്‍ സമൂഹത്തിലെ ഏവര്‍ക്കും തുറന്നു നല്‍കിയത്
നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചിറവക്ക് പി.നീലകണ്ഠഅയ്യര്‍ സ്മാരക മന്ദിരത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കെ.സന്തോഷിനോടൊപ്പമാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

ആദ്യ ദിവസത്തില്‍ തന്നെ മുന്നൂറോളം ജനങ്ങള്‍ ബൊമ്മക്കൊലു കാണാന്‍ ജില്ലയിലെ പല ഭാഗങ്ങളിലും നിന്നും എത്തിയിരുന്നു.