സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വിമര്‍ശനം.

 

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വിമര്‍ശനം.

തൃശൂരില്‍ നടന്ന ജാഥയില്‍ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

മൈക്ക് ഓപ്പറേറ്റോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ മാതൃകാപരമല്ലെന്നുമാണ് പ്രവര്‍ത്തകരുടെ പ്രധാന വിമര്‍ശനം.

പാര്‍ട്ടിയിലെ മേല്‍ത്തട്ടിലേയും താഴ്ത്തട്ടിലേയും ജനപ്രതിനിധികള്‍ക്ക് ഇരട്ട നീതിയാണെന്നും വിമര്‍ശനമുയര്‍ന്നു.

എംഎല്‍എല്‍മാരായ എം.വി.ഗോവിന്ദനും വി.ജോയി്ക്കും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആകാം.

എന്നാല്‍ പഞ്ചായത്ത് അംഗമായ വ്യക്തിക്ക് ലോക്കല്‍ സെക്രട്ടറി ആകാന്‍ സാധിക്കില്ലെന്നത് എന്ത് നീതിയാണെന്നും പ്രതിനിധികള്‍ ചോദിച്ചു.

കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ നടത്തിയ മരപ്പട്ടി പരാമര്‍ശത്തിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി.

ഇന്നലെ വൈകുന്നേരം നടന്ന പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചയിലാണ് വലിയ വിമര്‍ശനങ്ങളുയര്‍ന്നത്.

സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനും എംഎല്‍എ മുകേഷിനെതിരെയും വിമര്‍ശനമുണ്ടായി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട ഇപിയുടെ വെളിപ്പെടുത്തലും തിരിച്ചടിയായെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്ന് സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.

എം മുകേഷ് എംഎല്‍എയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തെ കൊല്ലത്തെ പ്രതിനിധികള്‍ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്.

ആരുടെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് പ്രതിനിധികള്‍ ചോദിച്ചു.

രാത്രികാലങ്ങളില്‍ മുകേഷ് പ്രചാരണത്തിന് എത്തിയില്ല. പാര്‍ട്ടിയുമായി സഹകരിക്കുന്ന രീതി മുകേഷിനില്ലെന്നും വിമര്‍ശനമുയര്‍ന്നു.