കുത്തിയിരിപ്പിനിടയില്‍ ശമ്പളമെത്തി-നാളെ മുതല്‍ വിതരണം ചെയ്യും. എന്‍.ജി.ഒ.യൂണിയന്‍ സമരം വന്‍ വിജയം.

പരിയാരം: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള എന്‍ ജി ഒ യൂണിയന്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചതായി പരിയാരം ഏരിയാ ജന.സെക്രട്ടെറി പി.ആര്‍.ജിജേഷ് അറിയിച്ചു.

ശമ്പള വിതരണത്തിന് ആവശ്യമായ തുക രാവിലെ 11.30 ന് ധനകാര്യ വകുപ്പ് അനുവദിക്കുകയും, പ്രസ്തുത തുക ശമ്പളഫണ്ടിലേക്ക് വകയിരുത്തുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് ശമ്പളം നാളെ ലഭിക്കുമെന്ന് ഉറപ്പ് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ട്.

കൂടാതെ തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത്തരം പ്രതിസന്ധി ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ ശമ്പള വിതരണ പ്രതിസന്ധി ഒഴിവാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇന്നുതന്നെ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലേക്ക് നല്‍കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

രാവിലെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജിനു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടന്നു.

ആഗിരണ പ്രക്രിയ പൂര്‍ത്തിയാകാത്ത ജീവനക്കാര്‍ക്ക് ബിംസ് മുഖേനയാണ് ശമ്പള വിതരണം നടന്നുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 52 കോടി രൂപ കേരള സര്‍ക്കാര്‍ ബജറ്റില്‍ പ്രൊവിഷനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആതില്‍ ഇതുവരെയായും 23 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ബാക്കി തുക ലഭ്യമാകുന്നതിന് രണ്ടുമാസം മുമ്പ് തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടായിരുന്നുവെങ്കിലും ബന്ധപ്പെട്ട ധനകാര്യ വകുപ്പില്‍ നിന്നും തുക ഇതുവരെയായിട്ടും ലഭ്യമായിട്ടില്ല.

മാസം പതിനാലാം തീയതിയായിട്ടും തുടര്‍നടപടികള്‍ ഒന്നും കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കേരള എന്‍ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജിനു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

സമരം കേരള എന്‍ജിഒ യൂണിയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് എം.അനീഷ് കുമാര്‍, ജില്ലാ ട്രഷറര്‍ പി.പി.അജിത് കുമാര്‍ ജില്ലാ സെക്രട്ടറിയറ്റംഗം സീബ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏരിയാ സെക്രട്ടറി പി.ആര്‍.ജിജേഷ് സ്വാഗതം പറഞ്ഞു. കടുത്ത പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി ജീവനക്കാരാണ് രാവിലെ മുതല്‍ സമരത്തിന് പങ്കെടത്തത്.