ബംഗാള്‍ അതിര്‍ത്തിയിലെ വിഗ്രഹമോഷ്ടാക്കളെ പിടിക്കാന്‍ പരിയാരം പോലീസിന് ഇനിയും കോവിഡ് മാറിയിട്ടില്ല.

പരിയാരം: കോവിഡ് ബാധ കുറയുകയും രാജ്യം പഴയപോലെ ആയിത്തുടങ്ങിയിട്ടും വിഗ്രഹമോഷ്ടാക്കളെ പിടിക്കാന്‍ പരിയാരം പോലീസിന് ഇപ്പോഴും പേടി തന്നെ.

കോവിഡ് കാലത്ത് രണ്ട് ക്ഷേത്രക്കവര്‍ച്ചകളും ഒരു വീട് കുത്തിത്തുറന്ന് കവര്‍ച്ചയും ഉള്‍പ്പെടെ നടന്നുവെങ്കിലും പ്രതികളെ ഇതേവരെ പിടികൂടാന്‍ പോലീസിന് സാധിച്ചില്ല.

വിളയാങ്കോട്ടെ സദാശിവപുരം ശിവക്ഷേത്രത്തില്‍ 2020 മാര്‍ച്ച് 15 ന് നടന്ന മോഷണത്തില്‍ അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന ശീവേലി പഞ്ചലോഹ വിഗ്രഹവും വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. മോഷ്ടാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞുവെന്ന് പരിയാരം പോലീസ് പറഞ്ഞിരുന്നു.

ബംഗാളില്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ താമസിക്കുന്ന മോഷ്ടാക്കളെ പിടികൂടാന്‍ ലോക്ഡൗണ്‍ കാരണം സാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

കോവിഡ് ആയതിനലാണ് പിടിക്കാത്തതെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും വിഗ്രഹമോഷ്ടാക്കളെ പിടിക്കാന്‍ സാധിക്കാത്ത പോലീ്‌സ് ഇതരസംസ്ഥാന തൊഴിലാളികള്‍ കഞ്ചാവ് വലിക്കുന്നുണ്ടോ എന്നാണ് നോക്കിക്കൊണ്ടിരിക്കുന്നത്.

2020 ജൂണ്‍ ആറിനാണ് നരീക്കാംവള്ളി പഴിച്ചിയിലെ ആനപ്പള്ളി വീട്ടില്‍ ഷാജിനമ്പ്യാരുടെ വീട്ടില്‍ നിന്ന് പന്ത്രണ്ടര പവന്‍ സ്വര്‍ണവും 30,000 രൂപയും വെള്ളിനാണയങ്ങളും രണ്ട് കാമറകളും കവര്‍ച്ച ചെയ്തത്.

കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ വീടിനും വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. മുന്‍വശത്തേത് ഉള്‍പ്പെടെ അഞ്ച് വാതിലുകള്‍ പൂര്‍ണമായി തകര്‍ത്തിരുന്നു.

കൂടാതെ നാല് ബെഡ്‌റൂമുകളിലേയും അലമാരകളും തകര്‍ത്ത സംഘം നാലേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലവരുന്ന കാമറകളും നൂറിലേറെ വെള്ളിനാണയങ്ങളും ഉള്‍പ്പെടെ ആറര ലക്ഷം രൂപയുടെ സാധനങ്ങളാണ് കൊണ്ടുപോയത്.

ഏതാണ്ട് നാലുലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് വീടിന് സംഭവിച്ചത്. ഉദ്ദേശം പത്തരലക്ഷം രൂപയുടെ നഷ്ടമാണ് വീട്ടുകാര്‍ക്കുണ്ടായത്.

ജൂണ്‍ ഒന്‍പതിനാണ് കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ശ്രീകോവിലിന്റെയും ഓഫീസിന്റേയും പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് നാല് ഭണ്ഡാരങ്ങള്‍ തകര്‍ക്കുകയും മറ്റൊരു ഭണ്ഡാരം എടുത്തുകൊണ്ടുപോകുകയും ചെയ്തിരുന്നു.

നേരത്തെ നിരവധി തവണ കവര്‍ച്ച നടന്നിട്ടുള്ള ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന സി സി ടിവി കാമറ തകര്‍ക്കുകയും ഓഫീസിനകത്ത് വെച്ചിരുന്ന മോണിറ്ററും റിക്കാര്‍ഡ് സിസ്റ്റവും എടുത്തുകൊണ്ടുപോകുകയും ചെയ്തു.

ഭണ്ഡാരവും സി സി ടി വി സംവിധാനവും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത കിണറ്റില്‍ നിന്ന് കണ്ടെടുത്തതില്‍ മാത്രം ഒതുങ്ങിയിരിക്കയാണ് കേസന്വേഷണം.