മയക്ക് ലഹരികള്‍ തടയാന്‍ പൊതുഇടങ്ങളിലെ ഇരിപ്പിടങ്ങള്‍ പൊളിക്കണം-
‘ലഹരി വസ്തുക്കളുമായി പിടിയില്‍ ‘ എന്ന വാര്‍ത്ത വരാത്ത ഒരു ദിവസം പോലുമില്ലെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
മദ്യത്തിന് പകരം മാരക രോഗവാഹകരായ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയവയാണ് പിടികൂടുന്നവയില്‍ ഭൂരിഭാഗവും.
പോലീസും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തുമ്പോഴും മയക്ക് മരുന്ന് മാഫിയ പിറകോട്ട് പോകുന്നില്ലെന്നത് ജനങ്ങളെ ഭയപ്പെടുത്തുന്നു.
യുവ തലമുറയുടെ ലഹരി ഉപയോഗം മുളയിലെ നുള്ളാനാവണമെന്നാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്.
പണ്ടൊക്കെ പൊതുയിടങ്ങളായ കലാ-കായിക ക്ലബ്ബുകള്‍ സജീവമായിരുന്നു.
കേരംസ്, ബാറ്റ്മിന്റന്‍, ഫുട്ബോള്‍ തുടങ്ങിയ കളിസ്ഥലങ്ങളില്‍ യുവാക്കളുടെ പട തന്നെയുണ്ടാകും.
എന്നാല്‍ ഇന്ന് അത്തരം ഒത്തുചേരല്‍ ക്ലബ്ബുകളില്‍ ഇല്ല. നാല് ചുമരുകള്‍ക്കുള്ളില്‍ ഒത്തുകൂടിയവരുടെ പിന്തലമുറ ഇന്ന് പൊതു സ്ഥലങ്ങളാണ് ഏറെയും ഇഷ്ടപ്പെടുന്നത്.
ആളൊഴിഞ്ഞ പൊതുസ്ഥലത്ത് ചെറിയ പന്തലിട്ട് രാപകല്‍ വ്യത്യാസമില്ലാതെ മൊബൈല്‍ ഫോണുമായി ഒന്നിച്ചിരിക്കാനും സൊറ പറയാനുമാണ് ഇവര്‍ ഏറെയും ഇഷ്ടപ്പെടുന്നത്.
ഇത്തരം സങ്കേതങ്ങളിലെ ബഹളം അയല്‍വക്കത്തെ വീട്ടുകാര്‍ക്ക് വിഷമമുണ്ടെന്ന് പരാതിപ്പെട്ടിട്ടൊന്നും ഫലമില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ഇവിടങ്ങളില്‍ പരസ്യ മദ്യപാനം പതിവാണ്. അതിനാല്‍ ലഹരി മാഫിയ കണ്ണ് വെക്കുന്നത് ഇത്തരം കേന്ദ്രങ്ങളാണ്.
അടുത്ത കാലത്ത് പിടികൂടിയ പ്രതികളേറെയും ഇത് പോലുള്ള സങ്കേതങ്ങളില്‍ താവളമടിച്ചവരാണെന്ന് അതാത് പ്രദേശത്തുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്രകാരം പന്തല്‍ കെട്ടി ഒത്തുചേരുന്നവര്‍ക്ക് മിക്കവാറും ആ പ്രദേശത്തെ മുഖ്യ രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുണയുണ്ടാകും.
അതിനാല്‍ പോലീസിനോടോ നേതാക്കളോടോ പരാതിപ്പെട്ടാല്‍ പ്രശ്ന പരിഹാരമുണ്ടാകില്ലെന്ന് മാത്രമല്ല ശല്യവും ഇരട്ടിക്കും.
ഇതാണ് മിക്കയിടങ്ങളിലും സംഭവിക്കുന്നത്. ഇരിപ്പടം ഒരുക്കിയുള്ള കേന്ദ്രങ്ങളില്‍ ലഹരി ഉപയോഗമുണ്ടെന്നാണ് നാട്ടുകാരുടെ സംശയം.
എക്സൈസ് വകുപ്പ് അധികൃതരും ഇക്കാര്യം ശരിവെക്കുന്നു. ലഹരി വിരുദ്ധ കൂട്ടായ്മയിലും ഈ വിഷയം ഗൗരവമായി ചര്‍ച്ചയാകാറുണ്ടെങ്കിലും പോലീസ് നടപടിണ്ടാവാറില്ല. അതിനാല്‍ പന്തലിട്ടുള്ള ഒത്തുചേരല്‍ വര്‍ദ്ധിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പൊതുനന്മ കണക്കിലെടുത്ത് ലഹരി വിപത്തിനെതിരെ കര്‍ശന നടപടിയെടുക്കുമ്പോള്‍ പൊതുയിടങ്ങളിലെ ഇരിപ്പടങ്ങള്‍ പൊളിച്ച് മാറ്റണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.