കെ.റെയില്‍ മനുഷ്യന്റെ അത്യാഗ്രഹം–വികസനവിരോധി എന്ന് വിളിച്ചാല്‍ സന്തോഷവും അഭിമാനവും-വിജയ് നീലകണ്ഠന്‍-
പഴയങ്ങാടി: കെ.റെയില്‍ പദ്ധതിക്കെതിരെ മാടായിപ്പാറ സംരക്ഷണ സമിതി പ്രതിഷേധ കൂട്ടായ്മ നടത്തി.
മാടായിപാറയില്‍ നടന്ന പ്രതിഷേധ പരിപാടി കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു.
പി.പി.കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രതിഷേധകൂട്ടായ്മയില്‍ പങ്കെടുത്തു.
കെ.റെയില്‍ പദ്ധതി വരുന്നതോടെ
മാടായിപ്പാറയിലെ മാത്രമല്ല, പല സ്ഥലങ്ങളിലെ സ്വച്ഛവും ശാന്തവുമായ അന്തരീക്ഷത്തെ തകര്‍ക്കുകയും പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് വിജയ് നീലകണ്ഠന്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഗവണ്‍മെന്റ് ഈ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരു പ്രകൃതി വന്യജീവി സംരക്ഷകന്‍ എന്ന നിലയിലാണ് ഇവിടെ എത്തിയതെന്നും ഒരു വിഷയത്തില്‍ അതിനെപ്പറ്റി പഠിച്ച ശേഷമേ പ്രതികരിക്കാറുള്ളൂ എന്നും വിജയ് പറഞ്ഞു.
അറിയാത്ത വിഷയം അറിയില്ല എന്ന് പറയാന്‍ എനിക്ക് മടിയില്ല. എനിക്ക് എന്റെ ആത്മാവിനു മാത്രമല്ലേ ഉത്തരം നല്‍കേണ്ടതായിട്ടുള്ളൂ.
തലശേരി-മൈസൂര്‍ റെയില്‍വെ പാതക്കെതിരെ നടത്തിയ പോരാട്ടത്തില്‍ നേടിയ വിജയം ഓര്‍മ്മിപ്പിച്ചുകൊണ്ട്
ഇതിനെ എതിര്‍ക്കുന്നത് കൊണ്ട് ‘വികസന വിരോധി’ എന്ന് എന്നെ വിളിച്ചാല്‍ എനിക്ക് സന്തോഷവും അഭിമാനവും മാത്രമെയുള്ളൂവെന്നും വിജയ് നീലകണ്ഠന്‍ പറഞ്ഞു.