തരിശുഭൂമികളില്‍ ഇനി കുറുന്തോട്ടിവേരുകള്‍ പടരും. 

പിലാത്തറ:  തരിശുഭൂമികളില്‍ ഇനി കുറുന്തോട്ടി വേരുകള്‍ പടരും. ആളൊഴിഞ്ഞ ശ്മശാന പറമ്പുകളും, അനാഥമായ പുരയിടങ്ങളും കാടുകയറി നശിക്കുന്ന മണ്ണുമൊക്കെ ഔഷധ ചെടികള്‍ കൊണ്ടു നിറയും.

ആവശ്യക്കാര്‍ക്ക് ഗുണമേന്മയുള്ള നാട്ടുമരുന്നുകള്‍ ലഭിക്കും. കര്‍ഷകര്‍ക്ക് നല്ല വരുമാനവും.  കേരളത്തിലെ ആദ്യത്തെ ഔഷധ ഗ്രാമം പദ്ധതി എം വിജിന്‍ എംഎല്‍എയുടെ കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നടപ്പിലാവുകയാണ്.

ഔഷധകൃഷിയുടെ ആദ്യഘട്ടമായി ലക്ഷക്കണക്കിന് കുറുന്തോട്ടി ചെടികളാണ് നട്ടത്.

കടന്നപ്പള്ളി- പാണപ്പുഴ, ഏഴോം, കണ്ണപുരം പഞ്ചായത്തുകളിലായി 25 ഏക്കറിലാണ് പൈലറ്റ് പ്രോജക്ട് ആയി ഇത്തവണ കൃഷി ഇറക്കിയത്.

അടുത്ത വര്‍ഷത്തോടെ പത്തു പഞ്ചായത്തുകളിലുമായി പുതുതായി 100 ഏക്കറിലേക്കും കൃഷി വ്യാപിപ്പിക്കും.

കൃഷിവകുപ്പിന്റെ സഹായത്തോടെ 16 ലക്ഷം രൂപയാണ് ആദ്യഘട്ടമായി ലഭിച്ചത്.

കര്‍ഷകര്‍ക്ക് പുതിയ വരുമാന പദ്ധതി ആണ് ലക്ഷ്യമിടുന്നത്. പൂര്‍ണ്ണമായും നടപ്പായാല്‍ 200 ഓളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.

തൊഴിലുറപ്പ് തൊഴിലാളികളെയും പ്രയോജനപ്പെടുത്തും.  കുറുന്തോട്ടി കൃഷിക്ക് പ്രത്യേകതകള്‍ ഏറെയുണ്ട്.

ആറുമാസം കൊണ്ട് വിളവെടുക്കാം. കാട്ടു മൃഗങ്ങളുടെയും, കീടങ്ങളുടെയും മറ്റു ഉപദ്രവും മൂലം കൃഷി നശിക്കില്ല .തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയുടെ ഇടയില്‍ ഇടവിളയായും കൃഷി ചെയ്യാം. ചുരുങ്ങിയ സമയം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്നത് കര്‍ഷകര്‍ക്കും ആശ്വാസമാണ്.

 ഒരടി ഉയരത്തില്‍ താഴെയായി മണ്‍കൂനകള്‍ ഉണ്ടാക്കി വളം ചെയ്യാനും, കള പറിക്കാനും  സൗകര്യത്തില്‍ നിശ്ചിത അളവെടുത്താണ് ചെടികള്‍ നട്ടത്.

കുമ്മായവും ജൈവവളവും ആയിരുന്നു ഉപയോഗിച്ചിരുന്നത്. ചെടികള്‍ വളരുന്നതോടെ ഗോമൂത്രലായനി കൂടി തളിച്ചു കൊടുക്കുമ്പോള്‍ കരുത്തോടെ വളരും.

വിളവെടുത്ത് പൊതുമേഖലാ സ്ഥാപനമായ ഔഷധി, മറ്റ് പ്രമുഖ ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്കുമാണ് നല്‍കുക.

നിലവില്‍ ആവശ്യമുള്ളതില്‍ മുപ്പത് ശതമാനം  കുറുന്തോട്ടി മാത്രമേ വിപണിയില്‍  ലഭിക്കുന്നുള്ളൂ. കല്യാശ്ശേരി മണ്ഡലത്തിലെ വിളവെടുപ്പോടെ  ഏറെക്കുറെ ക്ഷാമം പരിഹരിക്കും.

തൃശ്ശൂര്‍ ആസ്ഥാനമായ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയാണ് ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലായിരുന്നു ലക്ഷക്കണക്കിന് ചെടികള്‍ ഉണ്ടാക്കിയത്. ഭാവിയില്‍ ഔഷധ ഗ്രാമം പദ്ധതി ടൂറിസവുമായി ബന്ധിപ്പിച്ച് കൂടുതല്‍ തൊഴില്‍ സംരംഭങ്ങളുണ്ടാക്കുമെന്നും എം.വിജിന്‍ എം.എല്‍.എ പറഞ്ഞു.