കണ്ണൂര്‍: കണ്ണൂരിലെ സിനിമാ പ്രേമികളുടെ മനസിലെ ഒരു ഗൃഹാതുരത്വം കൂടി പടിയിറങ്ങുന്നു.
കാഴ്ച്ചകളുടെ വര്‍ണപ്പകിട്ടുകളിലേക്ക് കണ്ണൂരുകാരെ നയിച്ച ആനന്ദ് തിയേറ്റര്‍ പൊളിച്ചുമാറ്റി തുടങ്ങി.
അരനൂറ്റാണ്ട് പിന്നിട്ട പ്രദര്‍ശനങ്ങളുടെ ഒടുക്കം കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനാണ് ഉടമയുടെ തീരുമാനം.
ഇതോടെ കണ്ണൂര്‍ ഐഎംഎ ഹാളിനടുത്തുള്ള ആനന്ദ് തിയേറ്റര്‍ ആസ്വാദകരുടെ ഓര്‍മ്മചെപ്പി ലൊതുങ്ങും.
പ്രേംനസീര്‍, ഷീല മുതല്‍ പുതിയ തലമുറയിലെ താരങ്ങള്‍ വരെ നിറഞ്ഞാടിയ തിരശ്ശീല ഓര്‍മയിലേക്ക് ചുരുട്ടിവെക്കുകയാണ്.
1971 ലാണ് തളാപ്പിലെ എ.സി.കൃഷ്ണന്‍ ആനന്ദ് തിയേറ്റര്‍ സ്ഥാപിച്ചത്.
80 കളുടെ അവസാനമാണ് ഇതിനോട് ചേര്‍ന്ന് അമ്പിളി തിയറ്റര്‍ സ്ഥാപിച്ചത്.
മോണിംഗ്‌ഷോ മുതല്‍ നൈറ്റ് ഷോ വരെ നഗരത്തിലെ സിനിമാസ്വാദകരുടെ പ്രധാന കേന്ദ്രമായിരുന്നു ആനന്ദ് തിയേറ്റര്‍. ഇടക്കാലത്ത് തിയറ്റര്‍ പൂട്ടിയിട്ടെങ്കിലും 76-ല്‍ പ്രദര്‍ശനം പുനരാരംഭിച്ചു.
15 വര്‍ഷം മുമ്പാണ് തിയേറ്റര്‍ അടച്ചത്.
കെട്ടിടത്തിന്റെ കാലപ്പഴക്കവും പ്രേക്ഷകരുടെ കുറവുമാണ് തിയേറ്റര്‍ അടച്ചിടാന്‍ കാരണം.
കൃഷ്ണന്റെ മരണശേഷം മകന്‍ ഏറ്റെടുത്തെങ്കിലും പിന്നീട് സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറിയതായാണ് അറിയുന്നത്.