എം.മുകുന്ദന്റെ ആദ്യത്തെ തിരക്കഥ-സീത-@43.

മലബാര്‍ പ്രദേശത്ത് നിന്ന് ആദ്യമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിക്കുകയും സംവിധാനത്തില്‍ സ്വര്‍ണമെഡലോടെ വിജയം നേടുകയും ചെയ്ത വ്യക്തിയാണ് പിലാത്തറ മണ്ടൂര്‍ സ്വദേശി പി.പി.ഗോവിന്ദന്‍.

1977 ല്‍ റിലീസ് ചെയ്ത സരിത ആദ്യ സിനിമയാണ്. ഇന്നും സൂപ്പര്‍ ഹിറ്റായി നിലനില്‍ക്കുന്നതാണ് സരിതയിലെ ഗാനങ്ങള്‍.

79 ല്‍ കെ.എച്ച്.ഖാന്‍സാഹിബ് നിര്‍മ്മിച്ച ഹൃദയത്തില്‍ നീമാത്രം, സന്ധ്യാരാഗം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

എം.മുകുന്ദന്റെ പ്രശസ്ത നോവലായ സീത സിനിമയാക്കണമെന്ന ആഗ്രഹം 1980 ലാണ് പൂര്‍ത്തീകരിച്ചത്.

നടനും സംവിധായകനുമായ പി.ശ്രീകുമാര്‍ നിര്‍മ്മിച്ച സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതിയതും എം.മുകുന്ദന്‍ തന്നെ.

അദ്ദേഹത്തിന്റെ ആദ്യത്തെ തിരക്കഥയാണ് സീതയുടേത്.

ചിന്തു ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ എയ്ഞ്ചല്‍ ഫിലിംസാണ് വിതരണം ചെയ്തത്.

മധു അമ്പാട്ട് ക്യാമറയും പി.രാമന്‍നായര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.

കല ശ്രീകണ്ഠനും പരസ്യം കിത്തോയുമാണ് കൈകാര്യം ചെയ്തത്.

സുകുമാരന്‍, തിക്കുറിശി, അംബിക, മുരളീമോഹന്‍, പി.ശ്രീകുമാര്‍, ശശി, സുകുമാരി, ആറന്‍മുള പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.കെ.അര്‍ജുനന്‍. പശ്ചാത്തലസംഗീതം ഗുണസിംഗ്.

സിനിമ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് കളറിലേക്ക് മാറിക്കൊണ്ടിരുന്ന കാലത്താണ് സീത നേരം തെറ്റി റിലീസ് ചെയ്തത്.

അംബിക നായികയായി അരങ്ങേറ്റം കുറിച്ച സിനിമയും സീതയാണ്.

പക്ഷെ, മികച്ച സിനിമയായിരുന്നിട്ടും പ്രേക്ഷകര്‍ ഇത് നിരാകരിച്ചു.

പിന്നീട് ഡോക്യുമെന്ററികളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞ പി.പി.ഗോവിന്ദന്‍ ഫീച്ചര്‍ സിനിമകളൊന്നും സംവിധാനം ചെയ്തില്ല.

പെണ്‍മനസിന്റെ വിചിത്രമായ തലങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ട അസാധാരണമായ നോവലാണ് സീത.

ഗാനങ്ങള്‍-

1-അമ്മയും മകളും-വാണിജയറാം.

2-നാഴികകള്‍ തന്‍ ചങ്ങലകള്‍-ജോളി ഏബ്രഹാം.

3-പ്രഭാതമെനിക്കുനീ-ജയചന്ദ്രന്‍.