മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍ മലരായി വിരിഞ്ഞ ജോയി.
കരിമ്പം.കെ.പി.രാജീവന്‍
സംഗീതത്തിന്റെ മാസ്മരികതയുടെ ശക്തി പാട്ടുകളിലേക്ക് സന്നിവേശിപ്പിച്ച അപൂര്‍വ്വം സംവിധായകരിലൊരാളാണ് കെ.ജെ.ജോയി.
1975 ലെ ലവ് ലെറ്റര്‍ മുതല്‍ 1994 ല്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത ദാദ വരെ 71 സിനിമകളിലെ 239 ഗാനങ്ങള്‍ക്കാണ് സംഗീതം പകര്‍ന്നത്.
അധികമാര്‍ക്കും കൈകാര്യം ചെയ്യാനാവാത്ത അക്കോര്‍ഡിയന്‍ എന്ന സംഗീത ഉപകരണം വായിക്കുന്നതില്‍ വിദഗദ്ധനായിരുന്ന കെ.ജെ.ജോയിയെ എം.എസ്.വിശ്വനാഥനാണ് അദ്ദേഹത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ വിഭാഗത്തിലേക്ക് കൊണ്ടുവന്നത്.
1975 ല്‍ ഡോ.ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ലവ്‌ലെറ്റര്‍ എന്ന സിനിമക്കാണ് ആദ്യമായി സംഗീതം പകര്‍ന്നത്.
ഈ സിനിമയില്‍ യേശുദാസ് പാടിയ മധുരം തിരുമധുരം, കാമുകിമാരേ കന്യകമാരേ എന്നീ ഗാനങ്ങള്‍ ഹിറ്റായതോടെ ജോയിക്ക് സിനിമാ സംഗീത രംഗത്തേക്ക് വാതില്‍ തുറക്കപ്പെടുകയായിരുന്നു.
അതേ വര്‍ഷം തന്നെ ഡോ.ബാലകൃഷ്ണന്‍ നിര്‍മ്മിച്ച് ജേസി സംവിധാനം ചെയ്ത ചന്ദനച്ചോലയിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായി.
ബിന്ദു നീ ആന്ദ ബിന്ദുവോ, ഹൃദയംമറന്നു, ലവ്‌ലി ഈവ്‌നിംഗ്, മണിയാന്‍ ചെട്ടിക്ക്, മുഖശ്രീ എന്നീ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ ചുണ്ടുകളിലുണ്ട്.
1978 ലെ ലിസ എന്ന ഹൊറര്‍ സിനിമയില്‍ സംവിധായകന്‍ ബേബിയോടൊപ്പം ചേര്‍ന്ന ജോയി ഏറ്റവും കൂടുതല്‍ സിനിമ ചെയ്തതും അദ്ദേഹത്തോടൊപ്പമാണ്.
ലിസ, അനുപല്ലവി, തരംഗം, സര്‍പ്പം, സംരംഭം, മോര്‍ച്ചറി, ഗുരുദക്ഷിണ, ചൂടാത്തപൂക്കള്‍, കുരിശുയുദ്ധം, ഒന്നാംപ്രതി ഒളിവില്‍, ചന്ദ്രഹാസം, പപ്പു, മനുഷ്യമൃഗം, നിഴല്‍യുദ്ധം, കരിമ്പൂച്ച എന്നീ 15 സിനിമകള്‍ക്കാണ് സംഗീതം നല്‍കിയത്.
ലിസയിലെ അവസാനരംഗത്തെ പാട്ടായ പാടും രാഗത്തിന്‍ ഭാവലയം ദേവീ നിന്‍ മിഴിയില്‍ എന്ന ഗാനരംഗത്ത് അക്കോര്‍ഡിയന്‍ വാദകനായി ജോയി പ്രത്യക്ഷപ്പെടുന്നുമുണ്ട്.
1979 ല്‍ ജി.പ്രേംകുമാര്‍ സംവിധാനം ചെയ്ത സായൂജ്യം എന്ന സിനിമയിലെ നാല് ഗാനങ്ങളാണ് ജോയിയെ മലയാള സംഗീതപ്രേമികളുമായി അടുപ്പിച്ചതെന്ന് പറയാം.
മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍, കാലിത്തൊഴുത്തില്‍ ജനിച്ചവരെ, സ്വര്‍ഗ്ഗത്തിലേക്കോ എന്നീ ഗാനങ്ങളില്‍ മറഞ്ഞിരുന്നാലും രണ്ട് രീതിയില്‍ പാടിയിട്ടുണ്ട്.
1985 ലെ ബോബിയുടെ ഒന്നാംപ്രതി ഒളിവില്‍ എന്ന സിനിമയിലെ ചീകിത്തിരുകിയ പീലിത്തിരുമുടി എന്ന ഗാനത്തിന് ശേഷം കാര്യമായ ഹിറ്റുകളൊന്നും നല്‍കാന്‍ ജോയിക്ക് കഴിഞ്ഞില്ല.
1994 ല്‍ അവസാനത്തെ സിനിമയായ ഷിബു ചക്രവര്‍ത്തിയെഴുതിയ മുഗ്്ദ്ധഹാസം മുഖഭാവം രത്‌നഹാരം അഭിരാമം എന്ന ഗാനം ഹിറ്റായെങ്കിലും അവിചാരിതമായി വന്ന പക്ഷാഘാതം കഴിഞ്ഞ 28 വര്‍ഷമായി ജോയിയെ രോഗശയയ്യിലാക്കി.
ജോയിയുടെ ഹിറ്റ് ഗാനങ്ങള്‍-
1-അക്കരയിക്കരെ(ഇതാ ഒരു തീരം),
നീലാരണ്യം പൂന്തുകില്‍ചാര്‍ത്തി(ഇവിടെ കാറ്റിന് സിഗന്ധം),
ആയിരം മാതളപ്പൂക്കള്‍, എന്‍സ്വരം പൂവിടും, നവമീചന്ദ്രികയില്‍, ഒരേരാഗ പല്ലവി നമ്മള്‍(അനുപല്ലവി),
മഴപെയ്തു പെയ്തു(ലജ്ജാവതി),
ഓമൈ ഡ്രീംസ്റ്റാര്‍(തരംഗം),
എവിടെയോ കളഞ്ഞുപോയ കൗമാരം(ശക്തി),
അനുഗാഗനാട്ടിലെ തമ്പുരാട്ടി(മദാലസ),
മുല്ലപ്പൂമണമോ നിന്‍ദേഹഗന്ധം(മുക്കുവനെ സ്‌നേഹിച്ച ഭൂതം),
തെച്ചിപ്പൂവേ മിഴിതുറക്കു(ഹൃദയം പാടുന്നു),
കസ്തൂരിമാന്‍മിഴി(മനുഷ്യമൃഗം),
മണിക്കിനാക്കള്‍, നിലാവില്‍ നീവരു(സ്‌നേഹം ഒരു പ്രവാഹം),
നീലമേഘമാലകള്‍(അരഞ്ഞാണം),
രാജപുഷ്പമേ(പോസ്റ്റ്‌മോര്‍ട്ടം),
നീയെന്‍ജീവനില്‍, താളങ്ങളില്‍ നീ, ലാവമ്യ ദേവതയല്ലേ(കരിമ്പൂച്ച),
കുറുമൊഴി കൂന്തലില്‍(പപ്പു).