പരീക്ഷണങ്ങളിലും ബുദ്ധിമുട്ടിലും കഴിയുന്നവരെ കൈപിടിച്ചുയര്‍ത്തണം: ബിഷപ്. ഡോ.വടക്കുംതല

പിലാത്തറ: പരീക്ഷണങ്ങളിലും ബുദ്ധിമുട്ടിലും കഴിയുന്നവരെ കൈപിടിച്ചുയര്‍ത്താനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല.

കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തിലുള്ള പത്താമത് കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ പിലാത്തറ മേരി മാതാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ രൂപതാ ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ബൈബിള്‍ പ്രതിഷ്ഠയോടെയാണ് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷന്‍ തുടങ്ങിയത്.

കിംഗ് ജീസസ് മിനിസ്റ്റ്രിയിലെ വചന പ്രഘോഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ വചന പ്രഘോഷണത്തിന് നേതൃത്വം നല്‍കി.

കണ്‍വെന്‍ഷന്റെ ഭാഗമായി ഇന്നലെ നടന്ന ദിവ്യബലിക്ക് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു.

25 ന് ഫാ.ജേക്കബ് ജോസും  26 ന് മോണ്‍. ക്ലാരന്‍സ് പാലിയത്തും ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

27-ന് നടക്കുന്ന ദിവ്യബലിക്ക് കോട്ടയം രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

സമാപന ദിവസമായ 28-ന് നടത്തുന്ന ദിവ്യബലിക്ക് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്സ് വടക്കുംതല പ്രധാന കാര്‍മ്മികത്വം വഹിക്കും.

രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാലുവരെ നടത്തുന്ന കണ്‍വെന്‍ഷന്‍ എല്ലാ ദിവസവും ദിവ്യകാരുണ്യ ആരാധനയോടെയാണ് സമാപിക്കുന്നത്.