വലിയ നിര്‍മ്മാണകമ്പനിയുടെ അസ്തമയത്തിന്റെ കഥ-ഇത്രയുംകാലം@ 38.
മലയാളത്തില്‍ എണ്ണംപറഞ്ഞ നിരവധി സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാണ കമ്പനിയാണ് എന്‍.ജി.ജോണിന്റെ ഉടമസ്ഥതയിലുള്ള ജിയോ മൂവീ പ്രൊഡക്ഷന്‍സ്.
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന എവര്‍ഗ്രീന്‍ ഹിറ്റ് ഗാനവുമായി വന്ന മിനിമോള്‍ മുതല്‍ 12 സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്.
12 സിനിമകളില്‍ എട്ട് സിനിമകളും സംവിധാനം ചെയ്തത് ഐ.വി.ശശിയാണ്.
മണിരത്‌നം ആദ്യമായി സംവിധാനം ചെയ്ത ഉണരൂ നിര്‍മ്മിച്ചതും എന്‍.ജി.ജോണ്‍ തന്നെ.
അമേരിക്കയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളം സിനിമ ഏഴാംകടലിനക്കരെയും ജിയോയുടെ സംഭാവന തന്നെ.
മീന്‍, ഈ നാട്, ഇനിയെങ്കിലും തുഷാരം, ഇന്നല്ലെങ്കില്‍ നാളെ എന്നീ മലയാള സിനിമയുടെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്ന സിനിമകള്‍ വിശാലമായ ക്യാന്‍വാസില്‍ അവതരിപ്പിച്ചതും ജിയോ മൂവിയാണ്.
1984 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍ നിര്‍മ്മിച്ചതിന് ശേഷം പൂര്‍ണമായും വയനാടിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച സിനിമയാണ് ഇത്രയുംകാലം.
വലിയ താരനിരതന്നെ ഈ സിനിമയിലുണ്ടായിരുന്നു. മധു, മമ്മൂട്ടി, രതീഷ്, ശങ്കര്‍, റഹ്‌മാന്‍, ജോസ്, ലാലു അലക്‌സ്, ശങ്കരാടി, കുതിരവട്ടം പപ്പു, ടി.ജി.രവി, മണവാളന്‍ ജോസഫ്, ക്യാപ്റ്റന്‍ രാജു, നന്ദിതാബോസ്, ഷഫീഖ്, തല്‍വാങ്ക, ബാലന്‍.കെ.നായര്‍, പ്രതാപചന്ദ്രന്‍, സത്താര്‍, ഉണ്ണി, ജോണി, ഭീമന്‍ രഘു, കൃഷ്ണക്കുറുപ്പ്, സുര്യ, സുരേഖ, മേരി, തൊടുപുഴ വാസന്തി, അഞ്ജലി, സബിത ആനന്ദ്, കണ്ണൂര്‍ ശ്രീലത, ആളൂര്‍ എല്‍സി, സോണിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
ടി.ദാമോദരന്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി. ക്യാമറ-ജയാനന്‍ വിന്‍സെന്റ്, എഡിറ്റര്‍-കെ.നാരായണന്‍, കലാസംവിധാനം-ഐ.വി.സതീഷ്ബാബു, പരസ്യം-പി.എന്‍.മേനോന്‍.
യൂസഫലിയുടെ 3 ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ശ്യാം.
സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തീപിടുത്തത്തില്‍ ഒരാള്‍ മരിക്കുകയും നടന്‍ രതീഷിന് ഉള്‍പ്പെടെ പൊള്ളലേല്‍ക്കുകയും ചെയ്തു.
വലിയ സാമ്പത്തിക ബാധ്യത വന്നതോടെ എന്‍.ജി.ജോണ്‍ 75 ശതമാനവും ചിത്രീകരിച്ച സിനിമയുടെ നിര്‍മ്മാണം ഉപേക്ഷിച്ചു.
കോടതില്‍ പാപ്പര്‍ ഹരജി നല്‍കിയ എന്‍.ജി.ജോണിനെ കോടതി പാപ്പറായി പ്രഖ്യാപിക്കുകയും ചെയ്തു.
ഏറെ നാള്‍ പെട്ടിയില്‍ കിടന്ന ഇത്രയുംകാലം പിന്നീട് രതീഷും ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് ഷബാന ആന്റ് ഡയാന എന്ന ബാനറിന്റെ പേരില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.
ഐ.വി.ശശിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിട്ടും കാലംതെററി 1987 ല്‍ റിലീസ് ചെയ്ത ഇത്രയും കാലം സാമ്പത്തികമായി വിജയം നേടിയില്ല.
എന്‍.ജി.ജോണ്‍ പിന്നീട് ഒരു സിനിമപോലും നിര്‍മ്മിച്ചില്ല.
ഗാനങ്ങള്‍-
1-മധുമധുരം-കൃഷ്ണചന്ദ്രന്‍, ലതിക.
2-മണ്ണാണിത്-കൃഷ്ണചന്ദ്രന്‍, ലതിക.
3-സരസ ശൃംഗാരമേ-ജയചന്ദ്രന്‍, കൃഷ്ണചന്ദ്രന്‍, ജോളി ഏബ്രഹാം, ലതിക.