തളിപ്പറമ്പില്‍ നിരോധിത പ്ലാസ്റ്റിക്കും കുപ്പിവെള്ളവും പിടികൂടി

 

തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്‌സ്‌ക്വാഡ് തളിപ്പറമ്പ് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ അര ടണ്ണിലധികം ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും അയ്യായിരത്തിലധികം 300 മില്ലി ലിറ്റര്‍ നിരോധിത വെള്ളക്കുപ്പികളും പിടിച്ചെടുത്തു.

തളിപ്പറമ്പിലെ പ്രസ്റ്റീജ് പ്ലാസ്റ്റിക് സൊല്യൂഷന്‍, ബിസ്മി മാര്‍ക്കറ്റിങ്ങ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് അഞ്ഞൂറ്റി ഇരുപത് കിലോ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

ബിസ്മിമാര്‍ക്കറ്റിങ്ങ് കമ്പനിയുടെ ഗോഡൗണില്‍ നിന്നാണ് കാറ്ററിംഗ് ഏജന്‍സികള്‍ക്ക് വില്‍ക്കുന്നതിനായി രഹസ്യമായി ശേഖരിച്ചു വെച്ച 5000 ത്തിലധികം നിരോധിത 300 മില്ലി ലിറ്റര്‍ കുടിവെള്ള കുപ്പികള്‍ പിടികൂടിയത്.

നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് ആവരണം ഉള്ള പേപ്പര്‍ കപ്പുകള്‍, തെര്‍മോകോള്‍ പ്ലേറ്റുകള്‍, ഗാര്‍ബേജ് ബാഗുകള്‍ എന്നിവയാണ് പ്രസ്റ്റീജ് പാക്കിംഗ് സൊല്യൂഷന്‍ എന്ന സ്ഥാപനത്തില്‍ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി.അഷ്‌റഫ്, നിതിന്‍ വത്സന്‍, തളിപ്പറമ്പ് നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.എം രമ്യ, പി. ലതീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.