കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു

പരിയാരം: തറക്കല്ലിൽ ഒതുങ്ങിപ്പോയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി റിസർച്ച് ആൻറ് ട്രാൻസ്പ്ലാൻ്റ് സെൻ്ററിന് പകരം 15 വർഷങ്ങൾക്ക് ശേഷം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.

ഇതിൻ്റെ ഭാഗമായി പ്രശസ്ത നെഫ്രോളജിസ്റ്റും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് വൃക്കരോഗ വിഭാഗം പ്രൊഫസറും മേധാവിയുമായിരുന്ന ഡോ.എം ശ്രീലത കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവിയായി ചുമതലയേറ്റു.

2009 സപ്തംബർ 6 നാണ് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി ജി.സുധാകരൻ കിഡ്നി റിസർച്ച് സെൻറർ ആൻ്റ് ട്രാൻസ്പ്ലാൻ്റ് സെൻ്ററിന് തറക്കല്ലിട്ടത്.

കേന്ദ്ര സഹായത്തോടെയാണ് ഇത് ഉദ്ദേശിച്ചിരുന്നതെങ്കിലും ഫണ്ട് ലഭിക്കാതായതോടെ ഇത് വിസ്മൃതിയിലായി.

സംസ്ഥാന സർക്കാർ ഇതിനായി 2 കോടി രൂപയും വകയിരുത്തിയിരുന്നു.

മെഡിക്കൽ കോളേജ് കാമ്പസിൽ പ്രത്യേക കെട്ടിടം നിർമ്മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

അന്ന് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിരുന്നുവെങ്കിൽ വടക്കേ മലബാറിലെ മികച്ച സ്ഥാപനമായി മാറുമായിരുന്നു.

ഇപ്പോൾ 15 വർഷത്തിന് ശേഷമാണ് സർക്കാർ ഉടമസ്ഥതയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരിക്കുന്നത്.

ഈ രംഗത്തെ പ്രഗൽഭ വ്യക്തിത്വമായ ഡോ.ശ്രീലതക്ക് പുറമെ
അസോ. പ്രൊഫസർ ഡോ. അനീബ് രാജ്, അസി.പ്രൊഫസർ ഡോ. ധനിൻ പുതിയോട്ടിൽ, ലക്ചറർ ഡോ. അമിത എന്നിവർ ഉൾപ്പെടെ നാല് ഡോക്ടർമാരുടെ സേവനം മെഡിക്കൽ കോളേജിലെ വൃക്കരോഗ വിഭാഗത്തിൽ ഇപ്പോൾ ലഭ്യമാണ്.

ദിനംപ്രതി എൺപതോളം ഡയാലിസിസ് ചെയ്തു വരുന്ന പ്രസ്തുത വിഭാഗവും യൂറോളജി വിഭാഗവുമായി ചേർന്ന്

സമീപഭാവിയിൽത്തന്നെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തുവാനുള്ള സജ്ജീകരണങ്ങളേർപ്പെടുത്തുവാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. താമസിയാതെ നെഫ്രോളജി വിഭാഗത്തിൽ ഡി.എം. കോഴ്സ് തുടങ്ങുവാനും സാധിക്കും.

ഡോ. കെ.സുദീപ്, മെഡിക്കൽ കോളേജ് സൂപ്രണ്ട്

 നിലവിൽ ആഴ്ചയിൽ രണ്ടു ദിവസങ്ങളിൽ (തിങ്കൾ, ബുധൻ) നെഫ്രോളജി വിഭാഗം ഒ.പി. പ്രവർത്തിച്ചു വരുന്നുണ്ട്.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടി ആരംഭിച്ചാൽ വടക്കേ മലബാറിൽ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിക്കപ്പെടുക.