മന്ത്രിയുടെ ഉത്തരവിന് പുല്ലുവില എവിടത്തെ കരുതല്‍? ആരുടെ കൈത്താങ്ങ്? ജനങ്ങളെ വിഡ്ഡികളാക്കാന്‍ വീണ്ടും കരുതലും കൈത്താങ്ങും.

തളിപ്പറമ്പ്: 2023 ല്‍ നടന്ന കരുതലും കൈത്താങ്ങും പരിപാടിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍  മന്ത്രി നല്‍കിയ ഉത്തരവ് നടപ്പിലാക്കാതെ വീണ്ടും ആളെപ്പറ്റിക്കല്‍ പരിപാടിയുമായി പിണറായി സര്‍ക്കാര്‍.

2023 മെയ്-6 ന് തളിപ്പറമ്പ് താലൂക്കില്‍ നടന്ന കരുതലും കൈത്താങ്ങും പരിപാടിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ച മന്ത്രി പി.പ്രസാദിന്റെ ഉത്തരവാണ് സിപി.എം പ്രാദേശിക നേതാവ് സി.എം.കൃഷ്ണന്‍ നേതൃത്വം നല്‍കുന്ന തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കാതെ പുല്ലുപേലെ തള്ളിക്കളഞ്ഞത്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് സമീപത്ത് നാല് സെന്റ് സ്ഥലത്ത് താമസിക്കുന്ന കുടുംബത്തിന്റെ പരാതിയിലാണ് മന്ത്രി ഉത്തരവിട്ടത്.

നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള അപകടാവസ്ഥയിലുള്ള മതില്‍ പുനര്‍നിര്‍മ്മിക്കാനുള്ള അപേക്ഷ ബ്ലോക്ക് പഞ്ചായത്ത് നിരാകരിച്ചതോടെയാണ് കുടുംബം തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെ അപേക്ഷ നല്‍കിയത്.

ഈ അപേക്ഷ പ്രകാരം വില്ലേജ് അധികൃതര്‍ നടത്തിയ പരിശോധന പ്രകാരം മതില്‍ പൊളിച്ചു പണിയാന്‍ ബ്ലോക്ക് പഞ്ചായത്തിനോട് വികസനസമിതിയോട് നിര്‍ദ്ദേശിച്ചു.

എന്നാല്‍ വികസനസമിതിക്ക് പരാതി നല്‍കിയതിന്റെ പ്രതികാരമായി ബ്ലോക്ക് പഞ്ചായത്ത് മതിലിന്റെ ഉയരം നേരത്തെ ഉണ്ടായതിനേക്കാള്‍ വര്‍ദ്ധിപ്പിച്ച് വീട്ടിലേക്ക് കാറ്റും വെളിച്ചവും കടന്നുവരുന്നത് തടയുകയായിരുന്നു.

ഇതേ തുടര്‍ന്ന് മതിലിന്റെ അമിതമായ ഉയരം കുറക്കാന്‍ ഒരുവരി കല്ല് നീക്കം ചെയ്യണമെന്ന് താലൂക്ക് വികസനസമിതി യോഗം നിര്‍ദ്ദേശിച്ചു.

തഹസില്‍ദാറും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനും ഉള്‍പ്പെട്ട സമിതി പരിശോധിച്ചാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ നേരിട്ട് പങ്കെടുത്ത പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്നും മതിലിന്റെ ഉയരം കുറക്കില്ലെന്നും സമിതി മുമ്പാകെ അറിയിക്കുകയായിരുന്നു.

വികസന സമിതി അംഗമായ കൃഷ്ണന്‍ വികസനസമിതി തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ചത് വിവാദമായിരുന്നു.

ഇതിനെതിരെയാണ് കരുതലും കൈത്താങ്ങും പരിപാടിയില്‍ അപേക്ഷ നല്‍കിയത്.

പൊളിച്ച മതിലിന്റെയും പുതിയ മതിലിന്റെയും ഫോട്ടോകള്‍ ഉള്‍പ്പെടെ പരിശോധിച്ച് തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി പി.പ്രസാദ് രേഖാമൂലം ഉത്തരവ് നല്‍കിയെങ്കിലും അത് അംഗീകരിക്കില്ലെന്ന നിലപാടാണ് ബ്ലോക്ക് പഞ്ചായത്ത് സ്വീകരിച്ചത്.

ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാനായി കരുതലും കൈത്താങ്ങും പരിപാടി നടത്തി ജനങ്ങലെ വിഡ്ഡികളാക്കാനാണ്
പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.