മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി വില്ലേജ് ഓഫീസര്‍ അട്ടിമറിച്ചതായി പരാതി.

കണ്ണൂര്‍; പ്രതികാരമതില്‍ നിര്‍മ്മിച്ച് വീട്ടിലേക്ക് കാറ്റും വെളിച്ചവും കടന്നുവരുന്നത് തടഞ്ഞ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ പ്രതികാര പ്രവൃത്തിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി അട്ടിമറിക്കാന്‍ വില്ലേജ് ഓഫീസറുടെ തെറ്റായ അന്വേഷണറിപ്പോര്‍ട്ട്.

നേരത്തെ തഹസില്‍ദാര്‍ അന്വേഷണം നടത്തി മതില്‍ വീട്ടിലേക്ക് കാറ്റും വെളിച്ചവും കടക്കുന്നത് തടയുന്നതാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇതിന് കടകവിരുദ്ധമായ റിപ്പോര്‍ട്ടാണ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു.

എതിര്‍കക്ഷിയായ ബ്ലോക്ക് ഓഫീസ് അധികൃതര്‍ പറഞ്ഞ കാര്യങ്ങള്‍ അതുപോലെ വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

25 വര്‍ഷം മുമ്പ് ഷീറ്റ് ഘടിപ്പിച്ചത് എടുത്തുപറഞ്ഞായിരുന്നു വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്.

വില്ലേജ് ഓഫീസറുടെ നടപടിക്കെതിരെ തഹസില്‍ദാര്‍ക്കും മനുഷ്യാവകാശ കമ്മീഷനും വീണ്ടും പരാതി നല്‍കിയിരിക്കയാണ് കാറ്റും വെളിച്ചവും നിഷേധിക്കപ്പെട്ട കുടുംബം.

ബ്ലോക്ക് പഞ്ചായത്തിന് സമീപം നാല് സെന്റ് സ്ഥലത്ത് താമസിക്കുന്ന കുടുംബം 40 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ബ്ലോക്ക് പഞ്ചായത്തിന്റെ മതില്‍ അപകടാവസ്ഥയിലായത് പൊളിച്ചുപണിയാന്‍ പരാതി നല്‍കിയതിന്

പ്രതികാരമായിട്ടാണ് സി.പി.എം പ്രാദേശിക നേതാവ് സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പ്രതികാരമതില്‍ ഉയര്‍ത്തി ദ്രോഹിക്കുന്നതെന്ന് കാണിച്ചായിരുന്നു പരാതി.

2024 ഫെബ്രുവരിയിലാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.