ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുപോലെ ഞെട്ടിച്ച് നുബ്‌ല ആഞ്ഞടിച്ചു.

തളിപ്പറമ്പ്: ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുപോലെ ഞെട്ടിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആഞ്ഞടിച്ച് ഹബീബ്‌നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ നുബ്‌ല.

ഇന്ന് രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് സംഭവം. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട ഒരു ഫോട്ടോയെക്കുറിച്ച് ഗ്രൂപ്പിലില്ലാത്ത ഒരു തല്‍പരകക്ഷി തന്നെ വിളിച്ച് ഭീഷണിമുഴക്കി എന്നയിരുന്നു നുബ്‌ലയുടെ ആരോപണം.

ഇതോടൊപ്പം അനധികൃതകയ്യേറ്റവും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.

ദേശീയപാതയില്‍ പ്ലാസ ജംഗ്ഷനിലെ ഒഴിപ്പിച്ച തട്ടുകട ചില നഗരസഭാ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വീണ്ടും അതേ സ്ഥലത്ത് വിപുലമായ രീതിയില്‍ പുന: സ്ഥാപിക്കപ്പെട്ടിട്ടും നടപടി എടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ തന്നെ യോഗത്തില്‍ പറഞ്ഞു.

ഇത് ഏറ്റുപിടിച്ച പ്രതിപക്ഷം ഭരണപക്ഷ കൗണ്‍സിലറെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടിട്ട് മതി അജണ്ടകളുടെ പരിഗണന എന്ന നിലപാടെടുത്തു.

പ്രതിപക്ഷ കക്ഷിനേതാവ് ഒ.സുഭാഗ്യം. സി.വി.ഗിരീശന്‍, കെ.എം..ലത്തീഫ് എന്നിവര്‍ ഭരണപക്ഷത്തിന് നേരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.

ഇതോടെയാണ് വിശദീകരണവുമായി നുബ്‌ല വീണ്ടും എഴുന്നേറ്റത്. കയ്യേറ്റങ്ങളും മാലിന്യനിക്ഷേവും ഉദ്യോഗസ്ഥരെ അറിയിച്ച് അവര്‍ നഗരസഭയില്‍ നിന്ന് നടപടി എടുക്കാന്‍ വാഹനത്തില്‍ പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട കക്ഷികള്‍ അറിയുന്ന സ്ഥിതി ഉണ്ടെന്നും ഇനി ബാക്കിയുള്ള ആറ് മാസമെങ്കിലും ഐക്യത്തോടെ ശക്തമായ രീതിയില്‍ രംഗത്തിറങ്ങണമെന്നായിരുന്നു നുബ്‌ലയുടെ ആവശ്യം.

പൊതുവെ കാര്യമാത്രപ്രസക്തമായി മാത്രം സംസാരിക്കാറുള്ള ഇവരുടെ കഴിഞ്ഞ നാലരവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച കൗണ്‍സില്‍ പ്രതികരണത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്.

ചര്‍ച്ചൊടുവില്‍ ഒരാഴ്ച്ചക്കകം ഹൈവേയിലെ തട്ടുകട ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കണമെന്ന് വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.

എന്നാല്‍ നുബ്‌ലയുടെ പ്രസംഗം സൃഷ്ടിച്ച അലയൊലികല്‍ പലരുടെയും മനസുകളില്‍ മുഴച്ചുനില്‍ക്കുന്നതായി തോന്നി.