ഒമിക്രോണ്‍ ആശങ്ക വര്‍ദ്ധിക്കുന്നു- 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപനം വര്‍ധിച്ച കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം വരുംദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും.

കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസോറം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കായിരിക്കും കേന്ദ്രസംഘം എത്തുക. 

17 സംസ്ഥാനങ്ങളിലായി രാജ്യത്ത് നിലവില്‍ 415 ഒമിക്രോണ്‍ രോഗികളുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

108 പേരാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ചികിത്സയിലുള്ളത്. 79 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയാണ് പിന്നില്‍. കേരളത്തില്‍ 37 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചാം സ്ഥാനത്താണ് കേരളം.

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചു തുടങ്ങി.

കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ കുറവാണെങ്കിലും വ്യാപനത്തില്‍ വില്ലനായതിനാല്‍ ജാഗ്രത മുഖ്യമാണെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ചെയ്ത കേസുകളെല്ലാം ലക്ഷണമില്ലാത്തവയോ നേരിയ ലക്ഷണങ്ങളുള്ളവയോ ആണ്.

എന്നാല്‍, ഇതുവരെയുള്ള വകഭേദങ്ങളില്‍ ഒമിക്രോണ്‍ ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് 183 ഒമിക്രോണ്‍ കേസുകള്‍ പരിശോധിച്ചതില്‍ 121 എണ്ണവും ഒമിക്രോണ്‍ ബാധിതമേഖലകളില്‍നിന്ന് എത്തിയവരാണ്.

44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 18 പേരുടെ വ്യാപന ഉറവിടം വ്യക്തമല്ല. 87 പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തവരാണ്.

മൂന്നുപേരാകട്ടെ മറ്റുരാജ്യങ്ങളില്‍നിന്ന് ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷനും വിധേയരായവരാണ്.

ബാക്കിയുള്ളവരില്‍ 20 പേരൊഴികെയുള്ളവര്‍ ഒറ്റഡോസ് വാക്‌സിനെടുത്തിട്ടുണ്ട്.