സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് ഭക്തജന വഞ്ചന-ഐ.എന്‍.ടി.യു.സി

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭണ്ഡാര മോഷണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണനെ യൂനിയന്‍ ഭാരവാഹിത്വത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കഴിയാതെ സി പി എം നേതൃത്വം ിെഷമവൃത്തത്തിലായിരിക്കുകയാണെന്ന് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു സി ) മേഖലാ കമ്മറ്റി ആരോപിച്ചു.

ക്ഷേത്രത്തിനും ക്ഷേത്ര ജീവനക്കാര്‍ക്കും അങ്ങേയറ്റം അപമാനകരമായ ഭണ്ഡാരമോഷണകുറ്റം ചെയ്ത് സസ്‌പെന്‍ഷനിലായ മുല്ലപ്പള്ളി നാരായണനെ യൂനിയന്‍ നേതൃസ്ഥാനത്ത് നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കുന്നത് നാരായണന്‍ ദേവസ്വത്തില്‍ നടത്തിയ മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ദേവസ്വം ഭരണത്തില്‍ സ്വാധീനമുള്ള മറ്റ് ചില നേതാക്കള്‍ക്ക് കൂടി പങ്കുണ്ടോ എന്നത് പരിശോധനാ വിധേയമാക്കേണ്ടതാണ്.

നാരായണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ പല സത്യങ്ങളും പുറത്ത് വരുമെന്നും അതുകൊണ്ടുതന്നെയാണ് ഇത്രയും അപമാനകാരമായ കുറ്റകൃത്യം നടന്നിട്ടും നാരായണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി പി എം തയ്യാറാകാത്തതെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.

ഇക്കാര്യം ക്ഷേത്രജീവനക്കാരും ഭക്തജനസമൂഹവും തിരിച്ചറിയണമെന്ന് ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു സി ) തളിപ്പറമ്പ മേഖല കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ മേഖലാ പ്രസിഡന്റ് പി.വി.നാണു അധ്യക്ഷത വഹിച്ചു. കെ.സി.കേശവന്‍, മോഹനന്‍ നമ്പീശന്‍, സി നാരായണന്‍, കെ.വി.വീരമണി നമ്പീശന്‍, ഇ.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.