കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്ക് സമീപം എം.വി.രാഘവന്റെ പ്രതിമ വരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സി.എം.പി സ്ഥാപകനേതാവും മുന്‍സഹകരണ വകുപ്പ്മന്ത്രിയുമായിരുന്ന എം.വി.രാഘവന്റെ പൂര്‍ണ്ണകായ വെങ്കലശില്‍പ്പം സ്ഥാപിക്കുന്നു.

ഇതിനായി എ.കെ.ജി ആശുപത്രിക്ക് മുന്‍വശം രാജേന്ദ്രപാര്‍ക്കിന് സമീപം കണ്ണൂര്‍ കോര്‍പറേഷന്‍ 6.25 ചതുരശ്രമീറ്റര്‍ സ്ഥലം ആനുവദിച്ചു.

ഇന്നലെ നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് സ്ഥലം അനുവദിച്ചുകൊണ്ടുള്ള തീരുമാനം അംഗീകരിച്ചത്.

സി.എം.പി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

36 ലക്ഷം രൂപ ചെലവിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്.

ഇതിന്റെ നിര്‍മ്മാണ ജോലികള്‍ കുഞ്ഞിമംഗത്ത് പ്രശസ്ത ശില്‍പ്പി പ്രേമന്‍ കുഞ്ഞിമംഗലം പൂര്‍ത്തീകരിച്ചുവരികയാണ്.

കണ്ണൂര്‍ തളാപ്പിലെ എ.കെ.ജി ആശുപത്രിക്ക് മുന്‍ വശത്തായി ആശുപത്രി നോക്കി നില്‍ക്കുന്ന വിധത്തിലായിരിക്കും പ്രതിമ സ്ഥാപിക്കുക.

12 അടി ഉയരത്തിലുള്ളതാണ് ഈ വെങ്കലശില്‍പ്പം. എം.വി.രാഘവന്റെ 10-ാംചരമവാര്‍ഷികദിനമായ നവംബര്‍ 9 ന് പ്രതിമ അനാച്ഛാദനം നടത്താനുള്ള ഒരുക്കത്തിലാണ് സി.എം.പി കണ്ണൂര്‍ ജില്ലാ കമ്മറ്റി.

കണ്ണൂരിലെ എ.കെ.ജി സഹകരണ ആശുപത്രിയുടെ സ്ഥാപകനും ഭരണസമിതി പ്രസിഡന്റുമായിരുന്ന എം.വി.രാഘവനെ ബദല്‍രേഖയുടെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കുകയും, സി.എം.പി രൂപീകരിച്ച ശേഷം നടന്ന എ.കെ.ജി ആശുപത്രി തെരഞ്ഞെടുപ്പില്‍ സി.പി.എം ആശുപത്രി പിടിച്ചെടുക്കുകയുമായിരുന്നു.