തളിപ്പറമ്പ്: തളിപ്പറമ്പില്‍ മെയിന്‍ റോഡിലും താലൂക്ക് ഓഫീസിന് മുന്നിലും കോര്‍ട്ട്റോഡിലും നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം.
ഇതിന്റെ ഭാഗമായി കോര്‍ട്ട് റോഡില്‍ സബ് രജിസ്റ്റര്‍ ഓഫീസിന് മുന്നില്‍ ചെരുപ്പ് നിര്‍മ്മാണ ജോലിക്കാര്‍ക്കായി ഷെഡുകള്‍ നിര്‍മ്മിക്കുന്നതിലാണ് ക്രമക്കേടുകള്‍ നടന്നത്.
നഗരസഭയുടെ തന്നെ ഓവുചാലിന് മുകളിലാണ് സ്ഥിരം ഷെഡുകള്‍ പണിയുന്നത്. ഓവുചാലുകള്‍ക്ക് മുകളില്‍ ഒരുവിധത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അനുവദിക്കാന്‍ പാടില്ലെന്നിരിക്കെയാണ് നാലടി വീതിയിലും നീളത്തിലും ഷെഡുകള്‍ നിര്‍മ്മിക്കുന്നത്.
ഇതിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.
ഇവിടെ നേരത്തെ ചെരുപ്പ്ജോലിക്കാര് താല്‍ക്കാലിക ടെന്റ് നിര്‍മ്മിച്ചാണ് ജോലി ചെയ്തിരുന്നത്.
എന്നാല്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ പേരുപറഞ്ഞ് ഇവിടെ 10 ഷെഡുകളാണ് നിര്‍മ്മിക്കുന്നത്.
ഇതില്‍ എട്ടടി വീതിയിലും നീളത്തിലുമുള്ള ഒരു ഷെഡ്ഡ് പ്രത്യേകമായി നിര്‍മ്മിച്ചത് ഇതിന്റെ കരാറുകാരന് നല്‍കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പരസ്യങ്ങളുമായി ബന്ധപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായിട്ടാണ് കരാറുകാരന് ഇത് അനുവദിച്ചതെന്നാണ് നഗരസഭ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് പറയുന്നത്.
എന്നാല്‍ ഇവിടെ പ്രതിദിനം 1000 മുതല്‍ 1500 രൂപവരെ ഇത്തരം ഷെഡുകള്‍ക്ക് വാടക ഈടാക്കുന്നുണ്ട്.