വൈഡ്യൂര്യമെടുത്ത്-വീടുപോലും നഷ്ടമായി-നിര്‍മ്മാതാവും കുടുംബവും തെരുവില്‍-പിറകെ വെടിവെപ്പും-

കോഴിക്കോട്: സിനിമയെടുത്ത് പൊളിഞ്ഞ നിര്‍മ്മാതാവിന് വീട് നഷ്ടമായി-പിറകെ ഗുണ്ടാആക്രമണവും.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണു സംഭവം. വെടിവച്ച രണ്ടു പേരെ ബാലുശ്ശേരി പൊലീസ് പിടികൂടി.

തോക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു.

2012 ല്‍ പുറത്തിറങ്ങിയ വൈഡൂര്യം’ എന്ന സിനിമയുടെ നിര്‍മാതാവ് നന്മണ്ട പന്ത്രണ്ടുമഠത്തില്‍ വില്‍സണു നേരെയാണു മൂന്നംഗസംഘം ആക്രമണം നടത്തിയത്.

മുക്കം ചെറുവാടി ചൗത്തടി മുനീര്‍ (38), ഓമശ്ശേരി പുത്തൂര് കരിമ്പാരു കുഴിയില്‍ ഷാപ എന്നിവരാണു കസ്റ്റഡിയിലായത്.

2010ല്‍ സിനിമ നിര്‍മിക്കാന്‍ 2.65 കോടിയോളം രൂപ വില്‍സണു ചെലവായിരുന്നു.

പടം പൂര്‍ത്തിയായ ശേഷം റിലീസ് ചെയ്യാന്‍ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടര്‍ന്ന് വായ്പയെടുത്തു.

തൃശൂരില്‍ വില്‍സന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റര്‍ ചെയ്തു നല്‍കിയിരുന്നു.

സിനിമ പരാജയപ്പെട്ടതോടെ വില്‍സണ്‍ കുരുക്കിലായി. വായ്പക്കാരന്റെ ഭാര്യയുടെ പേരിലാണു സ്ഥലം റജിസ്റ്റര്‍ ചെയ്തു കൊടുത്തത്.

ആറു മാസത്തിനുശേഷം 87.72 ലക്ഷം രൂപയ്ക്ക് സ്ഥലം വിറ്റു പണം തിരികെ നല്‍കിയെങ്കിലും നന്‍മണ്ടയിലെ സ്ഥലം വില്‍സണു തിരികെ കൊടുത്തില്ല.

തുടര്‍ന്ന് പ്രശ്‌നം കോടതിയിലെത്തി. രണ്ടു ദിവസം മുന്‍പ് വില്‍സണെതിരെ കോടതി വിധി വന്നു.

പോവാന്‍ ഇടമില്ലാതായതോടെ വില്‍സണും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും വീട്ടുപറമ്പില്‍ സാധനസാമഗ്രികളുമായി ഇരിക്കുകയായിരുന്നു.

പകല്‍ വാടകവീട് കണ്ടെത്താനും കഴിഞ്ഞില്ല. രാത്രി ഒന്‍പതരയോടെ സ്ഥലത്തെത്തിയ മൂന്നംഗ സംഘം വില്‍സണോട് ഇറങ്ങിപ്പോവാനാവശ്യപ്പെടുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.

ആദ്യം ഒരുവട്ടം ആകാശത്തേക്ക് വെടിവച്ചു. രണ്ടുതവണ ചുറ്റും വെടിവയ്ക്കുകയും ചെയ്തു.

ശശീന്ദ്ര.കെ.ശങ്കര്‍ സംവിധാനം ചെയ്ത വൈഡൂര്യത്തില്‍ കൈലാസ്, നക്ഷത്ര, സായികുമാര്‍, ബാബുരാജ്, വിജയരാഘവന്‍, ജഗതി, റിസബാവ തുടങ്ങി നിരവധി താരങ്ങളുണ്ടായിരുന്നു.

അഞ്ചോളം പാട്ടുകല്‍ക്ക് ഈണം പകര്‍ന്നത് വിദ്യാസാഗറാണ്. യേശുദാസ് ഉള്‍പ്പെടെ പാടുകയും ചെയ്തു.