മഹിളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെ.പി.സി.സി അധ്യക്ഷനെ ഇകഴ്ത്തി സംസാരിച്ചതായി ആക്ഷേപം.

തളിപ്പറമ്പ്: മഹിളാ കോണ്‍ഗ്രസ് പ്രാദേശികനേതാവ് കെ.പി.സി.സി അധ്യക്ഷനെയും ഡി.സി.സിയേയും ഇകഴ്ത്തി സംസാരിച്ച സംഭവത്തില്‍ തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഭാരവാഹികളിലും പ്രവര്‍ത്തകരിലും അമര്‍ഷം പുകയുന്നു.

അടുത്തിടെ വിവാദങ്ങള്‍ക്കിടയാക്കിയ ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ യോഗത്തിലാണ് മഹിളാനേതാവ് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനെ ഇകഴ്ത്തി സംസാരിച്ചതെന്നാണ് ആക്ഷേപം.

ഈ സമയം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും പ്രതികരിച്ചില്ലെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്.

മഹിളാനേതാവിന്റെ അഭിപ്രായപ്രകടനത്തിന്റെ ഓഡിയോ ഈ വിഭാഗം കെ.പി.സി.സി അധ്യക്ഷനും ഉന്നത നേതൃത്വത്തിലെ ചിലര്‍ക്കും അയച്ചുകൊടുത്തതായാണ് വിവരം.

ഇത് സംബന്ധിച്ച് ഞാന്‍ എന്താണ് പറയുക എന്ന നിര്‍വികാര മറുപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവില്‍ നിന്നുണ്ടായതത്രേ.

സംഭവം വിവാദമായതോടെ വരും ദിവസങ്ങളില്‍ ഇത് തളിപ്പറമ്പിലെ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്നാണ് വിവരം.