എയര്‍ ഇന്ത്യ അഴിമതി: പ്രഫുല്‍ പട്ടേലിന് ക്ലീന്‍ചീറ്റ്.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ അഴിമതി കേസില്‍ എന്‍സിപി (അജിത് പവാര്‍) വിഭാഗം നേതാവ് പ്രഫുല്‍ പട്ടേലിനു ക്ലീന്‍ ചിറ്റ്. യുപിഎ സര്‍ക്കാരില്‍ വ്യോമയാന മന്ത്രി ആയിരുന്ന പ്രഫുല്‍ പട്ടേലിന്റെ പേരിലുള്ള കേസ് സിബിഐ അവസാനിപ്പിച്ചു. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന റിപ്പോര്‍ട്ട് തള്ളി മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ വിമനങ്ങള്‍ പാട്ടത്തിനെടുത്തുവെന്നായിരുന്നു ആരോപണം.

എയര്‍ ഇന്ത്യയിലേയും വ്യോമയാന മന്ത്രാലയത്തിലേയും ഉദ്യാഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമൊപ്പം വലിയ അളവില്‍ വിമാനം വാങ്ങിക്കുന്നതില്‍ പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. എയര്‍ ഇന്ത്യക്കായി വിമാനങ്ങള്‍ എറ്റെടുക്കാനുള്ള നടപടികള്‍ മുന്നോട്ടു പോകുന്നതിനിടെയാണ് വിമാനങ്ങള്‍ പാട്ടത്തിനെടുത്തത്.
2017ലാണ് സുപ്രീം കോടതി ഉത്തരവനുസരിച്ചു എയര്‍ ഇന്ത്യക്ക് വിമാനം പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യോമയാന മന്ത്രാലയത്തിലേയും എയര്‍ ഇന്ത്യയുടേയും നിരവധി ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുണ്ടായിരുന്നു. ഏഴ് വര്‍ഷമായി അന്വേഷിക്കുന്ന കേസാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രഫുല്‍ പട്ടേലിനു ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ അവസാനിപ്പിക്കുന്നത്.
