മേഘയിലേക്ക് നാട്ടുകാരുടെ രോഷമിരമ്പിയ പ്രതിഷേധമാര്‍ച്ച്-

പരിയാരം: മാലിന്യം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ തെരുവിലേക്കിറങ്ങി.

ഒറന്നിടത്ത്ചാല്‍, കുളപ്പുറം പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുകയും വിളയാങ്കോട് ഒറന്നിടത്ത്ചാല്‍- മണ്ടൂര്‍ നബാര്‍ഡ് റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് മേഘ കണ്‍സ്ട്രക്ഷന്‍ ലേബര്‍ ക്യാമ്പ് അടച്ച് പൂട്ടുക,

മാലിന്യ പ്രശ്‌നം പരിഹരിക്കുക, ജനജീവിതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഒറന്നിടത്ത്ചാലിലെ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ഓഫീസിലേക്ക് നാട്ടുകാര്‍ പ്രതിഷേധമായി ബഹുജനമാര്‍ച്ച് നടത്തിയത്.

ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.ടി.വി. കുഞ്ഞിക്കണ്ണന്‍, കെ.വി മുരളികൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.പി ഷിജു, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍, സിപിഎം മാടായി എരിയാ സെക്രട്ടറി കെ.പത്മനാഭന്‍ എന്നിവര്‍ ബഹുജന മാര്‍ച്ചിന് നേതൃത്വം നല്‍കി.

നാളെ മുതല്‍ അനിശ്ചിതകാല ഉപരോധസമരവും ആരംഭിക്കും. സി.പി.എം മാടായി ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ദേശീയപാത നിര്‍മ്മാണം കരാറെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കീഴിലെ തൊഴിലാളികള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാതെ ഒറന്നിടത്ത് ചാലില്‍ താമസിക്കുന്നതിനാല്‍ പ്രാഥമിക കര്‍മ്മം ഉള്‍പ്പെടെ ഒഴിഞ്ഞ പറമ്പിലാണ് നിര്‍വഹിക്കുന്നത്. മഴയത്ത് സമീപപ്രദേശത്തെ വീടുകളിലേക്ക് ഇത് ഒഴുകിപോവുകയും കുടിവെളളത്തില്‍ പോലും മാലിന്യം കലരുന്ന സാഹചര്യവും ഉയര്‍ന്നുവന്നപ്പോള്‍ പഞ്ചായത്ത് അധികൃതരും, എം. വിജിന്‍ എം.എല്‍.എയും പലവട്ടം ചര്‍ച്ച നടത്തി മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി മേധാവികളുമായി ധാരണയിലെത്തിയിരുന്നു.

എന്നാല്‍ കമ്പനി ഈ തീരുമാനങ്ങള്‍ പാലിക്കാതെ ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യമാണുളളത്.ഇക്കാര്യങ്ങളൊന്നും പരിഹരിക്കാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് ജനകീയ സമരസമിതി രൂപീകരിക്കുകയായിരുന്നു. ചെറുതാഴം ഗ്രാമപഞ്ചായത്ത് ആറാം വര്‍ഡ് അംഗം ടി.വി. കുഞ്ഞിക്കണ്ണന്‍ ചെയര്‍മാനും, കെ.വി. മുരളീകൃഷ്ണന്‍ കണ്‍വീനറുമായ സമരസമിതിയാണ് ശക്തമായ സമരവുമായി മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നത് വരെ മുന്നോട്ട് പോകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.

ദേശീയപാത വികസനപ്രവൃത്തിക്ക് ആവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍ സ്റ്റോക്ക് ചെയ്യുന്നതും വാഹനം പാര്‍ക്ക് ചെയ്യുന്നതും ഒറന്നിടത്ത്ചാലിലാണ്. വലിയ വാഹനം നിരന്തരമായി വിളയാങ്കോട് ഒറന്നിടത്ത്ചാല്‍ -മണ്ടൂര്‍ നബാര്‍ഡ് റോഡിലൂടെ പോകുന്നതിനാല്‍ റോഡ് പൂര്‍ണ്ണമായും പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. കാല്‍നട യാത്രപോലും ചെയ്യാന്‍ സാധിക്കാതെ റോഡ് തകര്‍ന്ന സാഹചര്യത്തില്‍ റോഡ് റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് മേഘ കണ്‍സ്ട്രക്ഷന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ മറ്റൊരാവശ്യം.