ബഫര്‍സോണ്‍: വിധി മറികടക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം കര്‍ഷക യൂണിയന്‍ (എം)
കണ്ണൂര്‍: സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ സംബന്ധിച്ച വിധി രാജസ്ഥാനിലെ ജാമിയഘട്ട് വന്യജീവി സങ്കേതത്തിനുള്ളിലെ ഖനനവുമായി ബന്ധപ്പെട്ടാണെന്ന യാഥാര്‍ഥ്യം മനസിലാക്കി വിധി കേരള സര്‍ക്കാരിന്റെ വീഴ്ച്ചയായി ചിത്രീകരിക്കാതെ
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു വിവിധ സംഘടനകളും ഒറ്റക്കെട്ടായിനിന്ന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആവശ്യപ്പെട്ടു.
വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി ഇപ്പോള്‍ കൃഷി ഭൂമിയോട് ചേര്‍ന്ന സ്ഥലമാണെന്നും അതിനുപകരം കൃഷി ഭൂമിയില്‍ നിന്ന് വനത്തിന്റെ ഉള്ളിലേക്ക് രണ്ട് കിലോമീറ്ററെങ്കിലും മാറ്റി അതിര്‍ത്തി നിര്‍ണയം നടത്തി ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി നടത്തണം.
സംരക്ഷിത വനത്തോട് ചേര്‍ന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാണെന്ന സുപ്രീംകോടതി വിധി 2011ലെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വന്യജീവി സംരക്ഷണ നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.
കോടതി ഉത്തരവ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ജനവാസം കൂടുതലുള്ള കേരളത്തെയാണ്. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ അലംബാവമാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ആയതിനാല്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.
സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക യൂണിയന്‍ (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡണ്ട് അല്‍ഫോണ്‍സ് കളപ്പുര അധ്യക്ഷത വഹിച്ചു. ജില്ലാ എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി.സഹദേവന്‍, കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളായ സജി കുറ്റിയാനിമറ്റം,അഡ്വ.മാത്യു കുന്നപ്പള്ളി, കെ.ടി.സുരേഷ് കുമാര്‍, വി.വി.സേവി,
ബിനു മണ്ഡപം, വിപിന്‍ തോമസ്, ജെയിംസ് മരുതാനിക്കാട്ട്, ബിജു പുതുക്കള്ളില്‍, ഡോ.ജോസഫ് തോമസ്, തോമസ് ഇടക്കരക്കണ്ടം, രാജു ചെരിയന്‍കാല, അമല്‍ കൊന്നക്കല്‍, ബിനു ഇലവുങ്കല്‍, സജി തോപ്പില്‍, ജോ കാണ്ടാവനം, ഏലമ്മ ഇലവുങ്കല്‍, പി.ഡി.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
