പരിസ്ഥിതിയെ മനുഷ്യന്‍ ആവശ്യമായതിലും കൂടുതലായി ഉപയോഗിക്കുന്നു-ഡി.ജി.പി ഡോ.ബി.സന്ധ്യ.

ഇത് കേരളം അറിയേണ്ട പുസ്തകമെന്ന് ഡോ.ബി.സന്ധ്യ.

പരിയാരം: പരിസ്ഥിതിയില്‍ മനുഷ്യന്‍ വരുത്തിയ വലിയ വലിയ മാറ്റങ്ങളാണ് കോവിഡ് പോലുള്ള മഹാമാരിക്ക് കാരണമായി മാറിയതെന്ന് ഡി.ജി.പി ഡോ.ബി.സന്ധ്യ.

മനുഷ്യന്‍ പ്രകൃതിയെ ആവശ്യമായതിലും എത്രയോ കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.

അതോടൊപ്പം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചുവരികയും ചെയ്യുകയാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

കണ്ണൂര്‍ ഗവ. നേഴ്‌സിങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ പേന വിയര്‍ത്തനേരം എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ.ബി.സന്ധ്യ

കോവിഡ് കാലത്ത് പോലീസ് ചെയ്ത സേവനങ്ങളുടെ ഡോക്യുമെന്റേഷന്‍ എന്ന നിലയില്‍ ഈ പുസ്തകം കേരളം വായിച്ചറിയേണ്ടതാണെന്നും ഡോ.ബി.സന്ധ്യ പറഞ്ഞു.

ശ്രീകണ്ഠാപുരം പോലീസ് സ്‌റ്റേഷനിലെ എസ്.ഐ കെ.വി.രഘുനാഥ് രചിച്ച പുസ്തകം മെഡിക്കല്‍ കോളേജ് നേഴ്‌സിങ്ങ് സൂപ്രണ്ട് പി.കെ.ഗീത ഏറ്റുവാങ്ങി.

തന്റെ കോവിഡ് കാലത്തെ ഡ്യൂട്ടി അനുഭവങ്ങളാണ് രഘുനാഥ് പുസ്തകരൂപത്തിലാക്കിയത്.

രഘുനാഥിന്റെ കോവിഡ് കാലത്തെ ദൈനംദിന റിപ്പോര്‍ട്ട് കാണാനിടയായ ഡി.ജി.പി സന്ധ്യ തന്നെയാണ് ഇത് പുസ്തകരൂപത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചത്.

രഘുനാഥിന്റെ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുന്നതിന് മാത്രമായിട്ടാണ് ഡി.ജി.പി എത്തിയത്.

പോലീസ് സൂപ്രണ്ട് പ്രിന്‍സ് ഏബ്രഹം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരന്‍ നാരായണന്‍ കാവുമ്പായി പുസ്തകം പരിചയപ്പെടുത്തി.

കണ്ണൂര്‍ സിറ്റി അഡീ.പോലീസ് സൂപ്രണ്ട് പി.പി.സദാനന്ദന്‍, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, റിട്ട. ഡി.വൈ.എസ്.പി ടി.പി.പ്രേമരാജന്‍,

ജയദേവന്‍ കരിവെള്ളൂര്‍, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ സെക്രട്ടെറി കെ.പ്രിയേഷ് എന്നിവര്‍ പ്രസംഗിച്ചു.

കെ.വി.രഘുനാഥന്‍ മറുപടി പ്രസംഗം നടത്തി.

സംഘാടക സമിതി കണ്‍വീനര്‍ അസി.പോലീസ് കമ്മീഷണര്‍ കെ.വി.ബാബു സ്വാഗതവും ചെയര്‍മാന്‍ ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ ഇ.പി.സുരേശന്‍ നന്ദിയും പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു പോലീസ് ഓഫീസര്‍ തന്റെ കോവിഡ് കാലത്തെ അനുഭവങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.