വെറും, വെറുതെ—ജനങ്ങളെ ദ്രോഹിക്കാന്‍ ബി.എസ്.എന്‍.എല്ലിന്റെ ഈ പോസ്റ്റ്.

തളിപ്പറമ്പ്: ഈ പോസ്റ്റ് നിലനിര്‍ത്തുന്നത് ആര്‍ക്ക് വേണ്ടി കരിമ്പം പ്രദേശത്തുകാരെല്ലാം ചോദിക്കുന്ന ചോദ്യമാണ്.

ഒരു വിധത്തിലുള്ള കണക്ഷനുകളും ഇല്ലാതെ വെറുതെയിട്ടിരിക്കുന്ന ബി.എസ്.എന്‍.എല്ലിന്റെ ഈ പോസ്റ്റ് നീക്കം ചെയ്യണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത ഈയിടെ വീതീകൂട്ടി ടാര്‍ചെയ്യുമ്പോഴും ഈ പോസ്റ്റ് നീക്കം ചെയ്യണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബൈക്ക് യാത്രക്കാരന്‍ ഈ പോസ്റ്റിനിടിച്ച് മരണപ്പെട്ടതുമുതല്‍ നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിച്ചുവരികയാണ്.

25 വര്‍ഷം മുമ്പ് തന്നെ ബി.എസ്.എന്‍.എല്‍ എല്ലാ കണക്ഷനുകളും അണ്ടര്‍ഗ്രൗണ്ട് കേബിള്‍ വഴിയാക്കി പ്രദേശത്തെ എല്ലാ പോസ്റ്റുകളും പിഴുതുമാറ്റി കൊണ്ടുപോയിരുന്നു.

എന്നാല്‍ ഇത് മാത്രം നിലനിര്‍ത്തിയതിന്റെ കാരണം അന്നും ഇന്നും വ്യക്തമല്ല.

സംസ്ഥാനപാത36 ന്റെ വീതികൂട്ടലിന്റെ ഭാഗമായി യാതൊരു ആവശ്യവുമില്ലാത്ത നിരവധി മരങ്ങള്‍ മുറിച്ചുമാറ്റിയ അധികൃതര്‍

വാഹനഗതാഗതത്തിന് തടസമുണ്ടാക്കുന്ന ഈ പോസ്റ്റ് ഇപ്പോഴും നിലനിര്‍ത്തുകയാണ്.

കാട്ടുവള്ളികള്‍ കടന്നുകയറി ഉണങ്ങിനില്‍ക്കുകയാണ് ഈ പോസ്റ്റ്. സംസ്ഥാനപാതയില്‍ നിന്നും വേളിപ്പാറ ഭാഗത്തേക്ക് പോകുന്ന നഗരസഭാ റോഡിന്റെ തുടക്കത്തില്‍ തന്നെയാണ് പോസ്റ്റ് നില്‍ക്കുന്നത്.

ഇത് അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.