പ്രകൃതിയേയും കൃഷിയേയും സംരക്ഷിക്കാന്‍ ബലൂണുമായി സി.ബാലകൃഷ്ണന് യാദവ്.
തളിപ്പറമ്പ്: വേറിട്ട ആശയങ്ങളുടെ പ്രചാരണവുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ബാലകൃഷ്ണന് യാദവ് ശ്രദ്ധേയനാവുന്നു.

കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ ബലൂണ്‍ അടയാളത്തില്‍ മല്‍സരിക്കുന്ന ഇദ്ദേഹം മുന്നോട്ടുവെക്കുന്നത് പ്രകൃതിസംരക്ഷണവും കൃഷിയുടെ വീണ്ടെടുപ്പുമാണ്.
ലോകം നിലനില്ക്കണമെങ്കില് പ്രകൃതിയെ സംരക്ഷിക്കണമെന്നാണ് ബാലകൃഷ്ണന്യാദവ് മുന്നോട്ടുവെക്കുന്ന ആശയം.
കൃഷിയും പ്രകൃതിയും പരസ്പരം ബന്ധപ്പെട്ടുനില്ക്കുന്നതാണെന്നും ഒന്നിനെ സംരക്ഷിച്ചാല്‍ മറ്റതും സ്വയം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കാര്യകാരണസഹിതം വ്യക്തമാക്കുന്നു.
റിട്ട.ജില്ലാ വിദ്യാഭ്യാസ ഓഫീസറായ ഇദ്ദേഹം 2020 ല്‍ തളിപ്പറമ്പ് നഗരസഭയിലേക്കും 2021 ല്‍ തളിപ്പറമ്പില്‍ നിന്ന് നിയമസഭയിലേക്കും സ്വതന്ത്രനായി മല്‍സരിച്ചിട്ടുണ്ട്.
ഇത്തവണ കണ്ണൂര്‍ പാര്‍ലമെന്റിലേക്കും കാസര്‍ഗോഡും മല്‍സരിക്കാനായി നോമിനേഷന് സമര്‍പ്പിച്ചുവെങ്കിലും കാസര്‍ഗോഡ് നോമിനേഷന് ഒരു രേഖയുടെ അഭാവം കാരണം തള്ളപ്പെടുകയായിരുന്നു.
ഇന്ന് മുതലാണ് ബാലകൃഷ്ണന്യാദവ് പ്രചാരണം ആരംഭിച്ചത്. ആരോടും സംഭാവനകള്‍ സ്വീകരിക്കാതെ സ്വന്തമായി പണമെടുത്താണ് പ്രചാരണം നടത്തുന്നത്.
പടപ്പേങ്ങാട് സ്വദേശിയായ ഇദ്ദേഹം തൃച്ചംബരത്താണ് ഇപ്പോള്‍ താമസിക്കുന്നത്.
