ജാലകങ്ങളിലെ സൂര്യന്‍ ചാമരമായിട്ട് 43 വര്‍ഷം.

പ്രശസ്ത നോവലിസ്റ്റ് ബാലകൃഷ്ണന്‍ മാങ്ങാടിന്റെ ജാലകങ്ങളിലെ സൂര്യന്‍ എന്ന നോവലിനെ ആസ്പദമാക്കി ജോണ്‍പോള്‍ തിരക്കഥയും സംഭാഷണവും എഴുതി ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാമരം.

1980 സപ്തംബര്‍-19 ന് റിലീസ് ചെയ്ത സിനിമ ഇന്നേക്ക് 43 വര്‍ഷം പൂര്‍ത്തിയാക്കുന്നു.

ജഗന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അപ്പച്ചനാണ് സിനിമ നിര്‍മ്മിച്ചത്.

സറീന വഹാബ്, നെടുമുടി വേണു, പ്രതാപ് പോത്തന്‍, മണിയന്‍പിള്ള രാജു, രതീഷ്, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി.അസീസ്, ഭാഗ്യലക്ഷ്മി, ധന്യ, ജയശ്രീ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

പൂവ്വച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ഈണംപകര്‍ന്നത് എം.ജി.രാധാകൃഷ്ണനും രവീന്ദ്രനും.

രാമചന്ദ്രബാബു ക്യാമറയും എന്‍.പി.സുരേഷ് എഡിറ്റിംഗും നിര്‍വ്വഹിച്ചു.

കലാസംവിധാനവും പോസ്റ്റര്‍ ഡിസൈനും ഭരതന്‍. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സായിരുന്നു വിതരണക്കാര്‍.

കഥാ സംഗ്രഹം

കോളേജ് അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചാമരം. ചാമര’ത്തിലെ ഇന്ദു(സറീനാ വഹാബ്) മലയാളത്തിന്റെ ദുഃഖപുത്രിയായി. ചാമരം വീശുന്ന ചൂളമരങ്ങള്‍ക്കിടയിലൂടെ, ഗുല്‍മോഹര്‍ പൂക്കള്‍ വീണു മയങ്ങുന്ന നടവഴികളിലൂടെ എന്നും ഒറ്റയ്ക്ക് നടക്കുന്ന ഇന്ദു സഹാദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരു അത്ഭുതമായിരുന്നു. സ്റ്റാഫ് റൂമില്‍ പോലും ആരോടും മിണ്ടുകയില്ല. ക്ലാസ്സെടുക്കുമ്പോള്‍ ക്ലാസ്സ് മുറിയില്‍ പ്രത്യേകിച്ച് ഒരു കുട്ടിയെപ്പോലും നോക്കുകയുമില്ല. ഹോസ്റ്റല്‍ മുറിയില്‍ ജനാലകളെല്ലാമടച്ച് ഇരുട്ടില്‍ കഴിയാന്‍ ഇഷ്ടപ്പെട്ടിരുന്നവള്‍ ഇന്ദു. വേനലവധിക്കാലത്തു പോലും സ്വന്തം നാട്ടില്‍ പോകാന്‍ ഇന്ദു ഇഷ്ടപ്പെടാത്ത ഇന്ദു.

ഇന്ദുവിന്റെ മനസിലെന്നും ബാലനായിരുന്നു(രതീഷ്). നനുത്ത ചിരിയും പൂച്ചക്കണ്ണുകളും നിഷ്‌കളങ്കനുമായ ഗ്രാമീണനാണ് അവന്‍. ഇന്നാര്‍ക്ക് ഇന്നാരെന്ന് ദൈവം കല്ലില്‍ കൊത്തിവച്ചിട്ടുണ്ടെങ്കില്‍ അത് തന്റെയും ബാലേട്ടന്റെയും പേരുകളായിരിക്കുമെന്ന് ഇന്ദു മനസില്‍ അടിവരയിട്ടിരുന്നു.’നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുപ്പൂ എന്ന ആ പാട്ടില്‍ അവളുടെ ഹൃദയത്തിലെ പ്രണയാന്ദോളനങ്ങള്‍ അലയടിച്ചു. എന്നാല്‍ കാലമെന്ന ചെപ്പടിവിദ്യക്കാരന്‍ അവരെ രണ്ടാക്കി. മകള്‍ കോളജ് അധ്യാപികയായപ്പോള്‍ ബാലന്റെ സാമീപ്യം ഇന്ദുവിന്റെ പിതാവിന് അരോചകമായി. അവര്‍ തമ്മിലുള്ള പ്രണയത്തിന് പിതാവ് തടയിട്ടു. ഒടുവില്‍ ബാലന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കേണ്ടിവന്നു. ഇരുവഴികളിലേക്കവര്‍ പിരിഞ്ഞുപോയി. ഈ സമയത്ത് വിദ്യാര്‍ത്ഥിയായ വിനോദ് അപ്രതീക്ഷിതമായി ഇന്ദുവിന്റെ ജീവിതത്തില്‍ കടന്നുവരുന്നതാണ് ചിത്രത്തിന്റെ വഴിത്തിരിവ്. കോളജിലെ ഡെയ്ഞ്ചര്‍ ഗ്യാങ്ങില്‍പെട്ട വിനോദ് ഇന്ദുവിനെ സ്നേഹിക്കുന്നു. അധ്യാപികയെയാണ് സ്നേഹിക്കുന്നതെന്ന പാപബോധം അവനില്ലായിരുന്നു. പല പ്രാവശ്യം അവന്‍ ഇന്ദുവിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അവള്‍ ഒഴിവായി. ബാലനില്ലാത്ത ശൂന്യതയില്‍ വിനോദ് ഇന്ദുവിന് ആശ്വാസമാകുന്നു. വിനോദിന്റെ ക്ഷണം സ്വീകരിച്ച് ഇന്ദു ഒരു ദിവസം അവന്റെ വീട്ടിലെത്തുന്നു. ഇന്ദുവിനോട് തനിക്കുള്ള ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹം വിനോദ് പറയുന്നു. വിനോദിന്റെ മനസ് അടുത്തറിയുന്ന നിമിഷത്തില്‍ ഇന്ദു അവനോട് കൂടുതല്‍ ചേര്‍ന്നു നിന്നു, അവരിരുവരും ഒന്നാകുന്നു.

ബാലനു പകരം വിനോദ് ഇന്ദുവിന്റെ മനസില്‍ കൂടുകെട്ടി. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയത്തിന്റെ വിരോധാഭാസത്തെ തള്ളിക്കളയാന്‍ അവള്‍ ധൈര്യപ്പെട്ടു. പക്ഷേ വിധി അവിടെയും അവളെ തോല്‍പ്പിക്കുകയായിരുന്നു. കോളജില്‍ നേരത്തെയുണ്ടായിരുന്ന ശത്രുസംഘങ്ങള്‍ വിനോദിനെ തേടിയെത്തി. സ,ംഘട്ടനത്തില്‍ വിനോദ് കൊല്ലപ്പെടുന്നു. വിനോദിനെ തേടിയെത്തുന്ന ഇന്ദു കാണുന്നത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന തന്റെ പ്രിയപ്പെട്ടവനെയാണ്. വീണ്ടും തളിര്‍ത്ത ഇന്ദുവിന്റെ ജീവിതം വിനോദിന്റെ രൂപത്തില്‍ കൊഴിഞ്ഞുകിടക്കുന്ന കാഴ്ച്ച പ്രേക്ഷകരുടെ ഹൃദയത്തെ പൊള്ളിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.

ഗാനങ്ങള്‍(രചന-പൂവ്വച്ചല്‍ ഖാദര്‍-സംഗീതം-എം.ജി.രാധാകൃഷ്ണന്‍)

1-കതിരാടും വയലില്‍-യേശുദാസ്.

2-നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍-എസ്.ജാനകി.

3-വര്‍ണങ്ങള്‍-യേശുദാസ്, ലതിക, ടോമി, റീബ.