കടന്നപ്പള്ളി ലോകത്തില്‍ ഒന്നുമാത്രം –പരിയാരം പലതുണ്ട്. കടന്നപ്പള്ളിക്ക് വേണ്ടി പി.പി.ചന്തുക്കുട്ടി നമ്പ്യാരുടെ ഒറ്റയാള്‍ പോരാട്ടം-
പരിയാരം: പരിയാരം എന്ന പ്രദേശവുമായി ഭൂപരമായി പോലും യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തിന് പരിയാരം എന്ന് പേര് നല്‍കിയതിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ചന്തുക്കുട്ടി നമ്പ്യാര്‍.

പ്രദേശത്തിന്റെ പേര് എല്ലാ രേഖകളിലും ഔദ്യോഗികമായി കടന്നപ്പള്ളി എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തര പരിശ്രമത്തിലാണ് ഇദ്ദേഹം.
ബസില്‍ യാത്രചെയ്യവെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ട പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പരിയാരം പഞ്ചായത്ത് ഓഫീസിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത സഹയാത്രികനെ തെറ്റ് തിരുത്തി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലേക്ക് അയച്ചതുമുതലാണ് സ്ഥലപ്പേര് മാറ്റാനായി നിവേദനങ്ങളുമായി ചന്തുക്കുട്ടി രംഗത്തിറങ്ങിയത്.
പരിയാരം മെഡിക്കല്‍ കോളേജിനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജായി പുനര്‍നാമകരണം ചെയ്തുവെങ്കിലും കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുമായും ചെറുതാഴം പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന്റെ പേര് പരിയാരമായി തുടരുകയാണ്.
പോസ്റ്റ് ഓഫീസും പോലീസ് സ്റ്റേഷനുമൊക്കെ പരിയാരത്തിന്റെ പേരിലാണ്. ഔഷധിയും ഗവ.പബ്ലിക്ക് സ്‌ക്കൂളും ബി.എസ്.എന്‍.എല്‍ എക്സേഞ്ചും വൈദ്യുതി സബ്സ്റ്റേഷനുമെല്ലാം പരിയാരത്തിന്റെ പേരില്‍ തന്നെയാണ്.
വരാന്‍പോകുന്ന പോലീസ് ആസ്ഥാനവും പരിയാരം എന്നപേരില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കാന്‍ സാധ്യതയെന്ന് അദ്ദേഹം പറയുന്നു.
നിലവില്‍ പൂര്‍ണമായും കടന്നപ്പള്ളി പഞ്ചായത്ത് പരിധിയിലുള്ള സ്ഥലമായതിനാല്‍ കടന്നപ്പള്ളി എന്നപേരിന് പ്രാധാന്യം നല്‍കണമെന്നും പരിയാരം ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് വില്ലേജ് ഓഫീസ് മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നൂറിലധികം നിവേദനങ്ങളാണ് ഇദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത്.
അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച ചന്തുക്കുട്ടി മുന്നോട്ടുവെക്കുന്ന വാദങ്ങള്‍ നൂറുശതമാനവും ശരിയാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ടെങ്കിലും സമ്മതം രേഖാമൂലം നടപ്പിലാകുന്നില്ലെന്ന വിഷമത്തിലാണിദ്ദേഹം.
തന്റെ വാദങ്ങള്‍ക്ക് കരുത്തുപകരുന്ന നിരവധി ആധികാരിക രേഖകളും ചന്തുക്കുട്ടിയുടെ ശേഖരത്തിലുണ്ട്.
വയനാട്, പത്തനംതിട്ട, തൃശൂര്‍, കോട്ടയും ജില്ലകളിലും പരിയാരം എന്ന സ്ഥലവും പോസ്റ്റ് ഓഫീസും ഉള്ളതായി രേഖകള്‍ ഉദ്ധരിക്കുന്ന ഇദ്ദേഹം തൃശുരില്‍ പരിയാരം ഗ്രാമപഞ്ചായത്തും വില്ലേജും ഉണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു.
പക്ഷെ, കടന്നപ്പള്ളി ലോകത്തില്‍ ഇവിടെ മാത്രമേ ഉള്ളൂവെന്നും ആ പേര് അനുവദിച്ചുകിട്ടുന്നതുവരെ താന്‍ പോരാട്ടം തുടരുമെന്നും ചന്തുക്കുട്ടി പറയുന്നു.
