ചെറുതാഴം പഞ്ചായത്ത് വികസനകാര്യങ്ങളില്‍ എം.പിയുമായി തര്‍ക്കത്തിനില്ല-ആരോപണങ്ങല്‍ വസ്തുതാവിരുദ്ധം-പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍.

പിലാത്തറ: പഞ്ചായത്തിന്റെ വികസനകാര്യങ്ങളില്‍ ആരുമായും ഏറ്റുമുട്ടാനോ തര്‍ക്കങ്ങള്‍ക്കോ ഇല്ലെന്ന് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചെറുതാഴം ഗ്രാമപഞ്ചായത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ചുമടുതാങ്ങിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2022 നവംബര്‍ 5 നാണ് എംപിയുടെകത്ത് ലഭിച്ചത്.

നവംബര്‍ 9 ന് ചേര്‍ന്ന ഭരണസമിതി ഇത് അംഗീകരിച്ച് എം.പിയെ വിവരമറിയിച്ചുവെങ്കിലും തുടര്‍ തീരുമാനങ്ങളൊന്നും ലഭിച്ചില്ല.

ഈ വര്‍ഷം ജനുവരി 31 ന് എം.വിജിന്‍ എം.എല്‍.എ ചുമടുതാങ്ങിയില്‍ ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കാന്‍ സന്നദ്ധത അറിയിച്ചു.

ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് വിശദമായ ചര്‍ച്ച നടത്തി.

ഒരു ഹൈമാസ്റ്റ് ലൈറ്റിന് പഞ്ചായത്ത് പ്രതിമാസം 8000 രൂപ വൈദ്യുതി ചാര്‍ജ് അടക്കണം, റിപ്പയര്‍ ചാര്‍ജാവട്ടെ 80,000 രൂപയോളം വരും. ഈ സാഹചര്യത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകളെ പൊതുവില്‍ നിരുല്‍സാഹപ്പെടുത്താനും പ്രധാനകേന്ദ്രങ്ങളില്‍ മാത്രം സ്ഥാപിക്കാനും ഭരണസമിതി തീരുമാനമെടുത്തു.

ഇത് പ്രകാരം എം.പിയുടെ ലൈറ്റ് 500 മീറ്റര്‍ അപ്പുറം പ്രധാനകേന്ദ്രമായ മണ്ടൂരിലും എം.എല്‍.എയുടേത് ചുമടുതാങ്ങിയിലും സ്ഥാപിക്കാന്‍ തീരുമാനിച്ചു.

ഈ വിവരം ജൂണ്‍ 6 ന് എം.പിയെയും ജില്ലാ കളക്ടറേയും അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എം.പിയെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

പഞ്ചായത്തിനെതിരെ നിയമനടപടി സ്വീകരിക്കും എന്നായിരുന്നു എം.പി മറുപടി പറഞ്ഞത്.

തുടര്‍ന്ന് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത് പഞ്ചായത്തിനെ വിമര്‍ശിക്കാനാണ് എം.പി തയ്യാറായത്.

കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ 4.5 ലക്ഷം രൂപ ഈയൊരു ഹൈമാസ്റ്റ് ലൈറ്റിന് അനുവദിച്ചതിലപ്പുറം ഒരു രൂപപോലും പഞ്ചായത്തിന് അനുവദിക്കാത്തതിന്റെ ജാള്യത മറച്ചുപിടിക്കാനുള്ള തന്ത്രം മാത്രമാണ് എം.പി നടത്തിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍ വികസനകാര്യങ്ങളില്‍ എല്ലാവരുമായും സഹകരിക്കുന്ന നയം പഞ്ചായത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് പി.പി.രോഹിണി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി.വി. ഉണ്ണികൃഷ്ണന്‍, പി.പി.അംബുജാക്ഷന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.