മംഗളാദേവിക്ഷേത്രം ചിത്രാപൗര്‍ണമി ഏപ്രില്‍ 23 ന്.
കട്ടപ്പന: ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രില്‍ 23-ന് നടക്കും.

ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 13ന് കുമളി രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ സംയുക്ത യോഗം ചേരും.
ഇതിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി ക്ഷേത്രം സന്ദര്‍ശിച്ചു.
ഉത്സവ ഒരുക്കങ്ങള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്ന് സബ് കളക്ടര്‍ പറഞ്ഞു.
കേരള, തമിഴ്നാട് സര്‍ക്കാറുകള്‍ സംയുക്തമായാണ് ഉത്സവം നടത്തുക.
പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവിയില്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ഭക്തര്‍ക്ക് സന്ദര്‍ശന അനുമതി.
പരിസ്ഥിതി സൗഹൃദമായി വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയാകും ഇത്തവണയും ഉത്സവം നടത്തുക.
എ ഡി എം ബി.ജ്യോതി, പീരുമേട് തഹസില്‍ദാര്‍ സണ്ണി ജോര്‍ജ്, കുമളി വില്ലേജ് ഓഫീസര്‍, വനം-റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
