നാണമില്ലേ–ഒത്താശക്കാരേ ഈ അപകടത്തിന് കൂട്ടുനില്‍ക്കാന്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയ കെട്ടിടത്തിന് അറ്റകുറ്റം-

തളിപ്പറമ്പ്: നാടിന് മുഴുവന്‍ അപകടകരമെന്ന് പരിശോധനയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചു നീക്കാന്‍ ഉടമക്ക് നോട്ടീസ് നല്‍കിയ നഗരസഭാ അധികൃതരെ വെല്ലുവിളിച്ച് പട്ടാപ്പകല്‍ കാല്‍നടയാത്രപോലും തടഞ്ഞ് ഉടമയുടെ അറ്റകുറ്റപ്പണികള്‍.

ദേശീയപാതയില്‍ തളിപ്പറമ്പ് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ നാലുനിലയുള്ള അപകടകെട്ടിടമാണ് അപകടകരമായ നിലയിലെന്ന് കണ്ട് പൊളിച്ചുനീക്കാന്‍ നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്.

എന്നാല്‍ ഭരണകക്ഷിയായ ചിലരുടെ ഒത്താശയോടെയാണ് കെട്ടിടമുടമ നാടിനെയും നിയമവ്യവസ്ഥയേയും വെല്ലുവിളിച്ച് ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞ് അറ്റകുറ്റപ്പണി പ്രഹസനം നടത്തുന്നത്.

അങ്ങേയറ്റം അപകടകരമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ വാടകക്കാര്‍ ഒഴിഞ്ഞുപോയ കെട്ടിടമാണിത്. ഏത് സമയത്തും ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാലാണ് നഗരസഭാ അധികൃതര്‍ കെട്ടിടം പരിശോധിച്ച് അടിയന്തിരമായി പൊളിച്ചു നീക്കാന്‍ ഉടമക്ക് നോട്ടീസ് നല്‍കിയത്.

ഈ മാസം നടന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ ഇത് രേഖാമൂലം നഗരസഭ അറിയിച്ചിരുന്നുവെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് തിരക്കേറിയ നടപ്പാതയില്‍ സഞ്ചാരം പോലും തടഞ്ഞ് അറ്റകുറ്റപ്പണി നടക്കുന്നത്.

ചില ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിയിലെ ഒരു നേതാവിന്റെയും ഒത്താശയോടെയാണ് അപകട കെട്ടിടം നിലനിര്‍ത്താന്‍ നീക്കം നടത്തുന്നത്.

പൊടിഞ്ഞു തീര്‍ന്നു കൊണ്ടിരിക്കുന്ന കെട്ടിടം നില നിര്‍ത്താന്‍ ശ്രമിക്കുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.

2023 ലെ നവകേരളസദസില്‍ നല്‍കിയ പരാതിയിലും അടിയന്തിരമായി പൊളിച്ചുനീക്കാന്‍ ഉത്തരവ് നല്‍കിയ കെട്ടിടം നിലനിര്‍ത്താന്‍ ഉടമക്ക് കൂട്ടുനില്‍ക്കുന്നത് ജനങ്ങളുടെ ജീവനെടുക്കാന്‍ കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് കെട്ടിടത്തിന്റെ അപകടാവസ്ഥ വാര്‍ത്തയിലൂടെ പുറത്തുകൊണ്ടുവന്നത്.