സൂക്ഷിക്കുക-മാങ്ങകളില്‍ വ്യാജന്‍മാര്‍ ഭക്ഷ്യസുരക്ഷക്കാര്‍ കൂര്‍ക്കംവലിക്കുന്നു.

കണ്ണൂര്‍: നോമ്പ് വിപണി ലക്ഷ്യമിട്ട് വ്യാജ പഴവര്‍ഗങ്ങള്‍ വിപണിയില്‍ നിറയുന്നത് ഭീഷണിയാവുന്നു.

കഴിഞ്ഞ ദിവസം ചേലേരിമുക്കില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകനായ മുഹമ്മദ്കുഞ്ഞി പാട്ടയം വാങ്ങിയ പഴുത്തമാങ്ങ വീട്ടില്‍ കൊണ്ടുവന്ന് മുറിച്ചപ്പോഴാണ് വ്യാജമാങ്ങയാണെന്ന് ബോധ്യമായത്.

മഞ്ഞ നിറത്തില്‍ സുഗന്ധത്തോടെ വിപണിയിലെത്തുന്ന മാങ്ങയുടെ പുറമെയുള്ള മൊഞ്ച് കണ്ട് വാങ്ങിക്കൊണ്ടുപോയി നോമ്പുതുറക്ക് കഴിക്കാനായി മുറിച്ചപ്പോഴാണ് വ്യാജനാണെന്ന് വ്യക്തമായത്.

പാകമെത്താത്ത മാങ്ങ പറിച്ച് കൃത്രിമമാര്‍ഗങ്ങളുപയോഗിച്ച് പഴുപ്പിച്ചാണ് ഇവ വിപണിയിലെത്തിക്കുന്നത്.

നിരവധിപേരാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുത്തത്.

മാങ്ങ മുറിച്ചാല്‍ വെറും കൊരട്ടക്ക് പകരം അണ്ടി മാത്രമേ കാണൂ, കടുത്ത പുളി കാരണം ഉപയോഗിക്കാനും സാധിക്കില്ല.

കൃത്രിമമാര്‍ഗങ്ങളിലൂടെ മാങ്ങ പഴുപ്പിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അക്ഷേപമുയര്‍ന്നിരിക്കയാണ്.

മനുഷ്യ ജീവനെ തന്നെ അപകടപ്പെടുത്തുന്ന വ്യാജമാങ്ങകളുടെ വില്‍പ്പന തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്.

പഴം വിപണിയില്‍ നോമ്പുകാലത്ത് എന്തും വില്‍പ്പന നടത്തി പണമുണ്ടാക്കാനുള്ള ശ്രമം തടയണമെന്ന് മുഹമ്മദ്കുഞ്ഞി പാട്ടയം ആവശ്യപ്പെട്ടു.