ശബ്ദ സൗന്ദര്യത്തിന്റെ അനന്യ ചാരുത അര്‍പ്പിച്ച് പെരുഞ്ചെല്ലൂരില്‍ ഡല്‍ഹി മുത്തുകുമാര്‍

തളിപ്പറമ്പ: സുന്ദര രാഗങ്ങളുടെ ലളിത സുന്ദര ആലാപനത്തിലൂടെ പാരമ്പര്യം കൈവിടാതെ അവതരിപ്പിച്ച് ഡെല്‍ഹി മുത്തുകുമാര്‍ പെരുഞ്ചെല്ലൂരിന്റെ മനംകവര്‍ന്നു.

നിത്യഹരിത കീര്‍ത്തനങ്ങള്‍ ശബ്ദഗാoഭീര്യത്തിന്റെ മെമ്പൊടി ചേര്‍ത്ത് കര്‍ണ പുടങ്ങളിലേക്കൊഴുകിയെത്തിയപ്പോള്‍ പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ സംഗീത സന്ധ്യക്ക് ഒളിമങ്ങാത്ത സൂര്യശോഭയായി മാറി.

പി.നീലകണ്ഠഅയ്യര്‍ സ്മാരക മന്ദിരത്തില്‍ യുവ കലാകാരന്മാരില്‍ ശ്രദ്ധേയരായ വയലിനില്‍ ശ്രീറാം ശ്രീധരനും, മൃദംഗത്തില്‍ നൊച്ചൂര്‍ നാഗരാജും ചേര്‍ന്നപ്പോള്‍ കച്ചേരി മറക്കാനാവാത്തതായി.

കരൂര്‍ ദേവുഡു അയ്യര്‍ ഈണം പകര്‍ന്ന് ശ്രീരാഗത്തില്‍ ചിട്ടപ്പെടുത്തിയ സാമി നിന്നെ കോരി എന്ന വര്‍ണത്തോടെയാണ് കച്ചേരി ആരംഭിച്ചത്.

മുത്തുസ്വാമി ദിക്ഷിതരുടെ ബേഗഡ രാഗത്തിലെ വല്ലഭാ നായകസ്യ, സരസ്വതി ദേവിയെ കുറിച്ച് പുളിയൂര്‍ ദൊരൈസ്വാമി അയ്യരുടെ സരസീരുഹാസന പ്രിയേ, തുടര്‍ന്ന് ശിവാനന്ദ കാമവര്‍ദ്ധിനി, വാഞ്ചതോനുന വഗലു തേല്‍പാവേ അംബ, സോഗസുഗാ മൃദംഗ, പരിദാനമേചിതെ പാലിന്തുവെ മോ, പങ്കജ ലോചന പാഹി മുരാരി , ആരഭിമാനം വൈറ്റാദരിപ്പാര്‍, എലെ മനവേ മുരാരിയനെ കൊണ്ടാടു, പുള്ളിന്‍ വായ് കീന്ദനായി എന്ന വിരുത്തം, ആലോകയെ ശ്രീ ബാലകൃഷ്ണം, തുള്ളുമദ വേല്‍കൈ കനയ്യാലെ എന്നീ കീര്‍ത്തനങ്ങളുടെ തിരഞ്ഞെടുപ്പില്‍ നടത്തിയ കണിശത കച്ചേരിയെ സ്വപ്ന സമാനമാക്കി.

ത്യാഗരാജ സ്വാമി യമുന കല്യാണി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഹരിദാസുലു വേടലെ എന്ന കീര്‍ത്തനം മറ്റ് ഹരി ഭക്തര്‍ക്കൊപ്പം രാവിലെ തിരുവയ്യരു വീഥികളില്‍ ആലപിച്ചിരുന്നതാണ്. ഈ കൃതിയോടെ കച്ചേരി അവസാനിപ്പിച്ചത്.

വിജയ് നീലകണ്ഠന്‍ ഡല്‍ഹി മുത്തുകുമാറിനെ സദസിന് പരിചയപ്പെടുത്തി. കമ്പനി സ്വാമിയുടെ ചെറുമകന്‍ അരുണ്‍ ഹരി കലാകാരന്മാരെ ആദരിച്ചു.