റോഡരികിലെ പരമ്പരാഗത ഓവുചാല്‍ മണ്ണിട്ട് നികത്തുന്നു-പിന്നില്‍ ഭൂമാഫിയയെന്ന് നാട്ടുകാര്‍.
തളിപ്പറമ്പ്: റോഡരികിലെ പരമ്പരാഗത ഓവുചാല്‍ അജ്ഞാതര്‍ മണ്ണിട്ട്നികത്തുന്നു.
സര്‍സയ്യിദ് കോളേജ്-ഭ്രാന്തന്‍കുന്ന് റോഡില്‍ ബദരിയ്യാനഗറിലേക്കുള്ള റോഡിന്റെ തെക്കുഭാഗത്തെ ഓവുചാലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിപ്പറില്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത്.
ബദരിയ്യാനഗര്‍ റോഡിലെ കള്‍വര്‍ട്ടിന്റെ ഭാഗമായ ഓവുചാലിലൂടെ വര്‍ഷങ്ങളായി വെള്ളം ഒഴുകിപ്പോകുന്ന ഈ ഓവുചാല്‍ നികത്തപ്പെടുന്നതോടെ ഇവിടെ ഗുരുതരമായ പരിസ്ഥിതി പ്രശ്നവും വെള്ളക്കെട്ടും അനുഭവപ്പെടുമെന്നത് ഉറപ്പാണ്.
പൊതുവെ ആരുടെയും ശ്രദ്ധയില്‍പെടാതെ ടിപ്പറുകള്‍ മണ്ണിട്ടുകൊണ്ടിരിക്കയാണ്.
ഭൂമാഫിയാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഭ്രാന്തന്‍കുന്ന് റോഡിനോട് ചേര്‍ന്ന് സ്ഥലമുള്ള സ്വകാര്യ വ്യക്തിക്ക് ഈ ഓവുചാല്‍ മൂടിയാല്‍ എളുപ്പത്തില്‍ തന്റെ സ്ഥലത്തേക്ക് വാഹനങ്ങള്‍ കൊണ്ടുപോകാനും അതുവഴി ഉയര്‍ന്ന വിലക്ക് ഈ ഭാഗത്തെ സ്ഥലം വില്‍പ്പന നടത്താനും കഴിയുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ബന്ധപ്പെട്ടവര്‍ അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെട്ട് ഓവുചാല്‍ നികത്തുന്നത് തടയണമെന്നും നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
