ശ്രീരാമനവമി രഥയാത്ര കനത്ത പോലീസ് സുരക്ഷയില്‍ തിരുവങ്ങാട് എത്തി- നാളെ രാവിലെ പള്ളിക്കുന്നില്‍ സ്വീകരണം

Report–C.DEEPESH,Thalaseri

തലശേരി: കൊല്ലൂരില്‍ നിന്നും ഇന്നലെ പ്രയാണമാരംഭിച്ച ശ്രീരാമനവമിരഥയാത്ര പോലീസിന്റെ അകമ്പടിയോടെ ഇന്ന് പുലര്‍ച്ചെ അഞ്ചിന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തി.

ഇന്നലെ കൊല്ലൂരില്‍ നിന്നും പ്രയാണമാരംഭിച്ച യാത്രക്ക് കാസര്‍ഗോഡും കണ്ണൂരും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കിയിരുന്നുവെങ്കിലും ദേശീയപണിമുടക്ക് കാരണം പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സ്വീകരണം ഒഴിവാക്കുകയായിരുന്നു.

പോലീസിന്റെ പ്രത്യേക സുരക്ഷയിലാണ് ഇന്ന് പുലര്‍ച്ചെ അഞ്ചിന് രഥയാത്ര തലശേരി തിരുവങ്ങാട്ട് എത്തിയത്.

നാളെ രാവിലെ എട്ടിന് കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ സ്വീകരണം പള്ളിക്കുന്ന് കുന്നാവ് ജലദുര്‍ഗ ക്ഷേത്രത്തില്‍ നടക്കുമെന്ന് ജില്ലയിലെ കോ-ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ അറിയിച്ചു.

രാവിലെ ഒന്‍പതിന് രഥയാത്ര കൂത്തുപറമ്പ് വഴി കൊട്ടിയൂരിലേക്ക് പോകും.

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്ര ഇന്നലെ രാവിലെ കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും 10:30നാണ് രഥപരിക്രമണം ആരംഭിച്ചത്.

രാവിലെ 7:30ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും മുഖ്യപൂജാരി ഗോവിന്ദ അഡിഗ പകര്‍ന്നുനല്‍കിയ ജ്യോതി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായത്.

ഇന്നലെ മംഗലാപുരം മേഖലയില്‍ രഥപരിക്രമണം നടന്നു. ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മംഗലശ്ശേരി, രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രഥയാത്ര കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ശ്രീരാമരഥത്തില്‍ ജ്യോതിപ്രതിഷ്ഠിച്ചതിനുശേഷം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി.

തുടര്‍ന്ന് മംഗലാപുരം മേഖലയിലേക്കുള്ള രഥപരിക്രമണത്തിന് തുടക്കമായി. നിരവധി ആശ്രമബന്ധുക്കളും ഭക്തജനങ്ങളും ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിച്ചു.

കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് രഥയാത്ര നടക്കുന്നത്.