പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് ഇ.പി.ജയരാജന്‍.

കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. തന്റെ മകന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ ജാവഡേക്കര്‍ വന്നിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വീട്ടില്‍ വന്നയാളോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയുമോ എന്നും ഇപി ചോദിച്ചു. അതിനിടെ ബിജെപിയില്‍ പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അദ്ദേഹം തള്ളി.
‘പ്രകാശ് ജാവഡേക്കര്‍ എന്നെ കാണാന്‍ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലാണ് വന്നത്. ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ അതുവഴി പോയപ്പോള്‍ കണ്ട് പരിചയപ്പെടാന്‍ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാന്‍ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാന്‍ പറഞ്ഞു.’- ഇപി ജയരാജന്‍ വ്യക്തമാക്കി.
തനിക്കെതിരെ കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേര്‍ന്ന് ആസൂത്രിത ഗൂഢാലോചന നടത്തിയെന്നാണ് ഇപി ജയരാജന്‍ ആരോപിച്ചത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം നടത്തിയ ഈ ആരോപണങ്ങള്‍. സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാന്‍ നടത്തിയ നീക്കമാത്രമാണ് തനിക്കെതിരായ ആരോപണം. ഞാന്‍ ബിജെപിയിലേക്ക് പോകുമെന്നതും ചര്‍ച്ച നടത്തിയെന്നതും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ്. സുധാകരനും ശോഭാ സുരേന്ദ്രനും തമ്മില്‍ ആന്തരിക ബന്ധമുണ്ട്.’ – ഇപി പറഞ്ഞു.
ശോഭ സുരേന്ദ്രനുമായി മകന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിവാഹത്തിന് വച്ച് കണ്ട പരിചയം മാത്രമാണ് ഉള്ളത്. ശോഭയുടെ മൊബൈല്‍ വാങ്ങി പരിശോധിക്കണം. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തില്‍ ഞങ്ങളെ വലിച്ചിഴക്കേണ്ടെന്നും ഇപി പറഞ്ഞു.