ഷെരീഫിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ.–കണ്ണൂര്‍ എക്‌സൈസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി
വടകര: ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് സിന്തറ്റിക് ഡ്രഗ് കടത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ.
കണ്ണൂര്‍ എടക്കാട് കുറുവ പാലത്തിന് സമീപം സബീന മന്‍സിലില്‍ സി.എച്ച്.മുഹമ്മദ് ഷരീഫ്(35)നെയാണ് ശിക്ഷിച്ചത്.
വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് വി.ജി.ബിജുവാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
2024 ജനുവരി മാസം പതിമൂന്നാം തീയതി പയ്യാമ്പലം ബീച്ചിന് സമീപത്ത് വച്ച് കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഷാബുവും സംഘവുമാണ് വാഹനപരിശോധനയ്ക്കിടെ 134.178ഗ്രാം മെത്താംഫിറ്റമിന്‍ കൈവശം വച്ചതിന് വാഹന സഹിതം പിടികൂടിയത്.
ബഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഷെരീഫ്.
ഇപ്പോള്‍ തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറായി പ്രവര്‍ത്തിക്കുന്ന അന്നത്തെ കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.എല്‍.ഷിബുവാണ് തുടരന്വേഷണം നടത്തി കോടതിയില്‍കുറ്റപത്രം സമര്‍പ്പിച്ചത്.
ഒരു വര്‍ഷവും ഒന്‍പത് മാസങ്ങള്‍ക്കും ശേഷമാണ് വിധി വന്നിരിക്കുന്നത്.
പ്രിവന്റീവ് ഓഫീസര്‍മാരായ കെ.സി.ഷിബു, ആര്‍.പി.അബ്ദുള്‍ നാസര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സുജിത്ത്, സി.ഇ.ഒ വിഷ്ണു, വനിതാ സി.ഇ.ഒ പി.സീമ, എക്‌സൈസ് ഡ്രൈവര്‍ സോള്‍ദേവ് എന്നിവര്‍ പ്രതിയെ പിടികൂടിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ. ജോര്‍ജ് ഹാജരായി.
