താറാവ്മുട്ട കൃത്രിമമെന്ന് സംശയം- വിതരണത്തിനെത്തിയ വണ്ടി നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

 

Report-A.K.Rajan(Kottiyoor)

അമ്പായത്തോട്: കര്‍ണാടകയില്‍ നിന്നും വഴിയോര കച്ചവടത്തിനായി മലയോരത്ത് എത്തിച്ച താറാവ്മുട്ട കൃത്രിമമുട്ടയെന്ന് സംശയം.

അമ്പായത്തോടില്‍ വെച്ച് മുട്ട കയറ്റി വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. വാഹനങ്ങള്‍ പിന്നീട് കേളകം പോലീസില്‍ ഏല്‍പ്പിച്ചു.

ആന്ധ്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ താറാവ് മുട്ടക്ക് ഒന്നിന് ആറു രൂപ നിരക്കില്‍ കൊട്ടിയൂര്‍ കണ്ടപ്പുനത്ത് വില്‍പ്പനക്കെത്തിച്ചതായിരുന്നു.

നാട്ടുകാരില്‍ ഒരാള്‍ മുട്ട വാങ്ങി പൊട്ടിക്കുന്നത് കണ്ടതോടെ െ്രെഡവര്‍ വണ്ടിയെടുത്ത് കേളകം ഭാഗത്തേക്ക് ഓടിച്ചു പോയതോടെയാണ് സംശയം ബലപ്പെട്ടത്.

തുടര്‍ന്ന് കേളകം പോലീസിലും മറ്റുള്ള സ്ഥലങ്ങളിലെ നാട്ടുകാരെയും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്പായത്തോട് വെച്ച് മുട്ടവില്‍പ്പന നടത്തുന്ന ബൈക്ക് അടക്കം മൂന്ന് വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാധാരണ താറാവ് മുട്ടയും ഇവര്‍ എത്തിച്ച മുട്ടയും തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തുകയായിരുന്നു.സാധാരണ മുട്ടകളെക്കാള്‍ കട്ടികൂടിയതാണ് ഈ മുട്ടകള്‍.

മുട്ടയ്ക്കുള്ളില്‍ മഞ്ഞക്കരുവും വെള്ളയും തമ്മില്‍ വേര്‍തിരിവുണ്ടായിരുന്നില്ല. കലങ്ങിയ ഒരു ദ്രാവകമാണ് മുട്ടയില്‍ കണ്ടത്.

തോടും വെള്ളയും തമ്മില്‍ വേര്‍തിരിക്കുമ്പോള്‍ റബര്‍പാട പോലെ പൊതിഞ്ഞിരിക്കുന്ന ആവരണം മുട്ടയ്ക്കുള്ളില്‍ കണ്ടെത്താനാകുമെന്നാണ് മറ്റൊരു പ്രത്യേകത.

പാടകത്തിച്ചാല്‍ പ്ലാസിറ്റിക്കിന്റെ മണവുമുണ്ടാകുന്നുണ്ട്-.ഇത്തരം കാര്യങ്ങള്‍ നാട്ടുകാരില്‍ സംശയം രൂക്ഷമാക്കി.

തടഞ്ഞു വെച്ച വാഹനങ്ങള്‍ കേളകം പോലീസെത്തി കസ്റ്റഡിയിലെടുത്തു.

മുട്ട ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.