ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും-മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി.

തളിപ്പറമ്പ്: ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണമായി സൗജന്യചികില്‍സയുള്ള സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി.

25 ഡയാലിസ് മെഷീന്‍ അടങ്ങിയ സൗജന്യ ഡയാലിസിസ് സെന്ററും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്ഷേത്രത്തിലേയും ഒരു ചില്ലിക്കാശുപോലും ദേവസ്വം ബോര്‍ഡിന് വേണ്ടെന്നും, നാടിന്റെ സംസ്‌ക്കാരത്തിന്റെയും മനുഷ്യകുലത്തിന്റെ ചരിത്രത്തിന്റെയും ഭാഗമായ ക്ഷേത്രങ്ങള്‍ ഭരിക്കപ്പെടുകയല്ല, പരിപാലിക്കപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ സമാപനവും വിവിധ മേഖലകളിലെ മഹത് വ്യക്തിത്വങ്ങള്‍ക്ക് പുരസ്‌ക്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലകുളങ്ങര ദേവസ്വം ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രത്തില്‍ നടത്തിവന്നിരുന്ന ശ്രീമദ് ഭാഗവത സപ്താഹം യജ്ഞ സമര്‍പ്പണത്തോടെ സമാപിച്ചു.

യജ്ഞ സമാപ്തിക്കുശേഷം പൊതുപ്രവര്‍ത്തകനായ കെ സി സോമന്‍ നമ്പ്യാര്‍ക്ക് ശ്രീശാസ്ത സേവക പുരസ്‌ക്കാരവും

ആദ്ധ്യാത്മിക ആചാര്യന്‍ സതീശന്‍ തില്ലങ്കേരിക്ക് ശ്രീശാസ്ത ഭാഗവത ശ്രേഷ്ഠ പുരസ്‌ക്കാരവും

പത്രപ്രവര്‍ത്തകന്‍ കരിമ്പം കെ.പി.രാജീവന് ശ്രീശാസ്ത മാധ്യമ പുരസ്‌ക്കാരവും എം.ആര്‍ മുരളി സമ്മാനിച്ചു.

വിശിഷ്ടാഥിതിയായി പരിസ്ഥിതി വന്യജീവി സംരക്ഷകനും, പെരിഞ്ചല്ലൂര്‍ സംഗീത സഭയുടെ സ്ഥാപകനുമായ വിജയ് നീലകണ്ഠന്‍ പങ്കെടുത്തു.

നഗരസഭാ കൗണ്‍സിലര്‍ കെ.വല്‍സരാജന്‍, ഇ.പി. ശാരദ, കെ.വി.അജയ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മെറിറ്റില്‍ എം.ബി.ബി.എസ് സീറ്റ് നേടിയ ഐശ്വര്യ മോഹന്‍,

എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ പി.കെ.ശ്രീനാഥ് എന്നിവരെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു.

എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി മുരളീധരന്‍ സ്വാഗതവും ട്രസ്റ്റി മെമ്പര്‍ കെ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.