പ്രമുഖ ഗാന്ധിയനും കവിയുമായ വി ടി വി ദാമോദരന് യു.എ.ഇ.ഗോള്‍ഡന്‍ വിസ

ദുബായ്: പ്രമുഖ ഗാന്ധിയനും സാഹിത്യകാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തന മേഖലകളിലെ നിറസാന്നിധ്യവുമായ  വി ടി വി ദാമോദരന് യു എ ഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു.

ഉത്തര കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ പയ്യന്നൂരില്‍ പ്രശസ്ത കോല്‍ക്കളി ആചാര്യന്‍ പരേതനായ കെ യു രാമപ്പൊതുവാളിന്റെയും വി ടി വി നാരായണി അമ്മയുടെയും മകനായ ദാമോദരന്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളോടുള്ള പ്രതിപത്തിമൂലം

നന്നേ ചെറുപ്പ കാലം തൊട്ടേ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിത്തീരുകയും പയ്യന്നൂരിലെയും പരിസരപ്രദേശങ്ങളിലെയും ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം കലാസാംസ്‌കാരിക മേഖലകളിലും മികവുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ കെലട്രോണിലെ സേവനത്തിനു ശേഷം പ്രവാസലോകത്തേക്ക് പറിച്ചു നടപ്പെട്ട വിടിവിയുടെ ജീവിതം രണ്ടര പതിറ്റാണ്ടുകളേറേയായി യു എ ഇ യിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തന മേഖലകളോട് ചേര്‍ന്ന് നിന്നുകൊണ്ടായിരുന്നു.

പ്രവാസലോകത്തും പിറന്ന നാട്ടിലുമായി നിരാലംബര്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുന്ന പല സംഘടനകളിലും പ്രവര്‍ത്തിച്ചു പോരുന്ന
വി ടി വി .സാഹിത്യ ലോകത്തും തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്.

മികച്ച എഴുത്തുകാനായ വിടിവിയുടെ പ്രസക്തമായ ഒട്ടേറെ ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകൃതമായിട്ടുണ്ട്. 

മരുഭൂമിയുടെ ഊഷരതയില്‍ അദ്ഭുതകരമായ ഇച്ഛശക്ത്തിയും ദീര്‍ഘവീക്ഷണവും കൊണ്ട് സമ്പന്നവും സുശക്ത്തവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയും മാനവികതയുടെ മനോമുകുരങ്ങളില്‍ അമരസ്മരരണയായി ജ്വലിച്ചു നില്‍ക്കുകയും ചെയ്യുന്ന യു എ ഇ

യുടെ രാഷ്ട്രപിതാവ് ഹിസ് ഹൈനസ് ഷെയ്ഖ് സായിദിനെ കുറിച്ചും പെറ്റ നാടിനോടെന്ന പോലെ അന്നം തരുന്ന നാടിന്റെ സാംസ്‌കാരിക ഗരിമയെ കുറിച്ചും ഒരു ഡസനോളം അനുപമ സുന്ദരമായ കവിതകളെഴുതിയ വി ടി വി അറബ് ലോകത്തും ശ്രദ്ധേയനായി.

പ്രസ്തുത കവിതകള്‍ അറബ് ഭാഷകളിലടക്കം വിവര്‍ത്തനം ചെയ്യപ്പെടുകയും അബുദാബി പോലീസിന്റെ 999 ഉള്‍പ്പെടെയുള്ള യു എ ഇ യിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി വെളിച്ചം കാണുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു.

ഒരു പക്ഷെ യു എ ഇ യുടെ രാഷ്ട്രശില്പിയെ കുറിച്ച് ഇത്രയേറെ കവിതകളെഴുതിയ മലയാള കവി വി ടി വി മാത്രമായിരിക്കും.

യു എ ഇ യിലെ പ്രശസ്ത കവിയും ഗ്രന്ഥാകാരനുമായ ഖാലിദ് അല്‍ ദന്‍ഹാനിയെ പങ്കെടുപ്പിച്ച് കൊണ്ട് കേരളത്തില്‍ ഇന്തോ അറബ് കവി സമ്മേളനംസംഘടിപ്പിച്ച വി ടി വി .

ഇക്കഴിഞ്ഞ വര്ഷം ഫുജൈറ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ രക്ഷാകര്‍ത്തത്തില്‍ നടത്തപ്പെട്ട മൗണ്ടൈന്‍ ഫെസ്റ്റിവലില്‍ പ്രത്യേകം ക്ഷണിതാവായി പങ്കെടുക്കുകയുണ്ടായി.

സാംസ്‌കാരികവും വാണിജ്യപരവുമായ സഹസ്രാബ്ദങ്ങളുടെ ഊഷ്മള ബന്ധം ഇന്ത്യയുമായി കാത്തു വെക്കുന്ന യു എ ഇ യുടെ കഥപറയുന്നതോടൊപ്പം തന്നെ തന്റെ മാതൃരാജ്യത്തിന്റെയും അതിന്റെ രാഷ്ട്രപിതാവും തന്റെ മാര്‍ഗ ദര്ശകനുമായ മഹാത്മാ ഗാന്ധിയെയും കുറിച്ചും ധാരാളം ലേഖനങ്ങളും കവിതകളും വി ടി വി യുടെ തൂലികയില്‍ നിന്നും പിറവിയെടുത്തു.

ഗാന്ധിജിയെ കുറിച്ചും മാനവ മൂല്യങ്ങളെ കുറിച്ചും പ്രവാസ ലോകത്ത് ഏറ്റവും കൂടുതല്‍ ലേഖനമെഴുതിയ എഴുത്തുകാരന്‍ കൂടിയായിരിക്കും വി ടി വി.വിഭാഗീയ ചിന്തകള്‍ക്കെതിരെ

മാനവികതയുടെ ഐക്യത്തിനായി ഗാന്ധിയന്‍ ആദര്‍ശങ്ങളെ ആയുധമാക്കി പ്രവാസലോകത്തിനു മുന്നിലേക്കിറങ്ങി വന്ന വിടിവി അബുദാബിയില്‍ഗാന്ധി സാഹിത്യവേദിയെന്ന സംഘടന

രൂപീകരിക്കാന്‍ നേതൃത്വം നല്‍കുകയും ഗാന്ധിയന്‍ മൂല്യങ്ങളുടെ പ്രസക്ത്തി പ്രവാസലോകത്ത് നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുമായി പതിറ്റാണ്ടുകാലമായി പ്രവര്‍ത്തിച്ചു വരികയാണ് .

യു എ ഇ യില്‍ ഇദംപ്രഥമായി ഗാന്ധി പ്രതിമയും ചര്‍ക്കയുമെല്ലാം സ്ഥാപിതമാകുന്നതിനു നേതൃത്വം നല്‍കാനായത് വി ടിവി യുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നാണ്.

അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ പയ്യന്നൂരില്‍ നിന്നും നിര്‍മ്മിച്ച് കൊണ്ട് വന്ന ഗാന്ധിജിയുടെ അര്‍ദ്ധകായപ്രതിമ സ്ഥാപിക്കുന്നതിന് നേതൃത്വമേകിയ വി ടി വി തന്നെയായിരുന്നു ഇന്ത്യന്‍ എംബസിയില്‍ ചര്‍ക്കയും നൂലും സ്ഥാപിക്കുന്നതിനും മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചത്.

നൂറിലേറെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ചികിത്സകളും മറ്റുമൊക്കെ നല്‍കി അവരെയും സമൂഹത്തിലെ സാധാരണ പൗരന്മാരാക്കി വളര്‍ത്തിയെടുക്കുന്നത്തില്‍ നിസ്സീമമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന മലബാര്‍ റിഹാബിലിറ്റേഷന്‍

സെന്റര് പോലുള്ള ജീവകാരുണ്ണ്യ പന്ഥാവുകളില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വി ടി വി തന്റെ ജന്മനാടിന്റെ കലാ സാംസ്‌കാരിക പെരുമയെ മറുനാടുകളില്‍ എത്തിക്കുന്നതിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്.

പ്രശസ്തമായ പയ്യന്നൂര്‍ കൊല്‍ക്കളിയെ അറബ് നാടുകളില്‍ പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിക്കുകയുണ്ടായി . യു എ ഇ എമിറേറ്റ് റൈറ്റേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വിവിധ എമിറേറ്റുകളില്‍ സംഘടിപ്പിച്ച ഇന്തോ

അറബ്‌സാംസ്‌കാരികോത്സവത്തില്‍ വി ടി വി യുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഗ്രാമം പ്രതിഭയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച കൊല്‍ക്കളിയും കളരിപ്പയറ്റും ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

പയ്യന്നൂര്‍ കൊല്‍ക്കളിയെ ആസ്പദമാക്കി ‘കേളിപ്പെരുമ’യെന്ന ഡോക്യൂമെന്ററി ഉള്‍പ്പെടെ നിര്‍മ്മിച്ച് നാടന്‍ കലകള്‍ക്ക് പ്രചാരവും പ്രോത്സാഹനവുമേകിയ വി ടി വിക്ക് പ്രസ്തുത പ്രവര്‍ത്തങ്ങള്‍ക്കുള്ള അംഗീകാരമായി കേരള ഗവര്‍മെന്റിന്റെ ഫോക്‌ലോര്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി.

പിതാവിനും പുത്രനും ഈ ബഹുമതി ലഭിക്കുന്ന അപൂര്‍വ്വതയോടൊപ്പം ഇങ്ങനെയൊരു ആദരം നേടുന്ന ആദ്യ പ്രവാസി മലയാളിയെന്ന ബഹുമതിയും
വി ടി വി ക്ക് സ്വന്തമായി.

കൂടാതെ കലാ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ നാള്‍ വഴികളില്‍ പ്രഥമ ഗാന്ധി ഗ്രാം പുരസ്‌കാരം,അക്ഷയ ദേശീയ പുരസ്‌കാരം, ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുഗ്മയുടെ മഹാത്മാ പുരസ്‌കാരം,കലാ നികേതന്‍ അവാര്‍ഡ്,

മലയാള ഭാഷ പാഠ ശാല പുരസ്‌കാരം, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സാമൂഹ്യപ്രവര്‍ത്തന ഗ്ലോബല്‍ അവാര്‍ഡ്, കണ്ണുര്‍ എസ് എന്‍ കോളേജ് അലുംനിയുടെ പട്ടും വളയും, ഇന്ത്യ സോഷ്യല്‍ സെന്റര് അബുദാബി മാസ്റ്റര്‍ ഓഫ് ഫോക്‌ലോര്‍ അവാര്‍ഡ്, പയ്യന്നുര്‍ മിഡ് ടൌണ്‍ റോട്ടറി അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ ആദരങ്ങള്‍ വി ടി വി യെ തേടിയെത്തി.

മധ്യവേനല്‍, ഓര്‍മ്മ മാത്രം, വിദൂഷകന്‍ തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ച ബഹുമുഖപ്രതിഭയായ വി ടി വി ക്ക് കലാ സാഹിത്യ സാമൂഹിക പ്രവര്‍ത്തന മേഖലകളിലെ സംഭാവനകള്‍ക്ക് പ്രവാസ ലോകത്ത് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നായി ഗോള്‍ഡന്‍ വിസ വിലയിരുത്തപ്പെടുന്നു.