ഗിരീഷ് പൂക്കോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഫലം കണ്ടു: നിത്യയുടെ വിവാഹം മംഗളകരമായി നടന്നു.
തളിപ്പറമ്പ്: കണ്ടന്തള്ളി ശ്രീകൃഷ്ണ പാര്‍ത്ഥസാരഥി ക്ഷേത്രം. ഞായറാഴ്ച പകല്‍ 11.33 നും 12. 34 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തം.
കല്യാശ്ശേരിയിലെ കല്ലായി വീട്ടിലെ നിത്യ വിജയന്റെ കഴുത്തില്‍ പിണറായി വെണ്ടുട്ടായിലെ ഷൈജു താലിചാര്‍ത്തിയപ്പോള്‍ നിത്യയുടെ രക്ഷിതാക്കളുടെ കണ്ണുകളില്‍ കണ്ണീര്‍ പൊടിഞ്ഞു.
ആനന്ദ കണ്ണീരായിരുന്നു അത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീന കാരണം വീട്ടു വാടക നല്‍കാനാവാതെ ഏഴു മാസത്തോളം കുടിശ്ശികയായി കിടന്നതും ഇതിനിടയില്‍ നിത്യയുടെ വിവാഹം
നിശ്ചയിക്കപ്പെട്ടതുമായ വാര്‍ത്ത ഫോക് ലോറിസ്റ്റും സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനുമായ ഗിരീഷ് പൂക്കോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറംലോകമറിഞ്ഞത്.
ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരെ ഉള്‍പ്പെടെ സമീപിച്ച് തന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പരിഹാരം കാണാനാവാതെ ഉഴലുകയായിരുന്ന നിത്യയുടെ കുടുംബത്തിന് കൈത്താങ്ങാകാന്‍ ഗിരീഷ് പൂക്കോത്ത് ഒരു നിയോഗം പോലെയാണ് എത്തിച്ചേര്‍ന്നത്.
നിത്യക്ക് അര്‍ബുദ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സക്ക് പണം കണ്ടെത്താന്‍ കിടപ്പാടം പോലും നഷ്ടപ്പെടുത്തേണ്ടി വന്ന് കല്യാശ്ശേരി ഏറുമ്പാല ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഒരു വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു നിത്യയും കുടുംബവും.
നിത്യ വാടകക്ക് താമസിക്കുന്ന കല്യാശ്ശേരിയിലെ വീട് ഗിരീഷ് പൂക്കോത്ത് ബാല്യകാലം കഴിച്ചുകൂട്ടിയ വീടാണ് എന്നത് മറ്റൊരു പ്രത്യേകത.
ഗിരീഷ് പൂക്കോത്തിന്റെ പിതാവ് തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജീവനക്കാരനായിരുന്ന പരേതനായ എം.കുഞ്ഞികൃഷ്ണന്റെ കുടുംബ വീടായിരുന്നു അത്.
സ്വത്ത് വിഭജിച്ചപ്പോള്‍ കുഞ്ഞികൃഷ്ണന്റെ അമ്മാവന്റെ ഉടമസ്ഥതയിലായി വീട്. അമ്മാവന്റെ മകനാണ് ഇപ്പോള്‍ വീട്ടുടമ.
നിത്യയുടെ കുടുംബത്തെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ഗിരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാങ്ക് അക്കൗണ്ട് വഴി സമാഹരിച്ച തുകയില്‍ നിന്ന് കുടിശ്ശികയായി കിടന്ന നിത്യയുടെ വീട്ടു വാടക ഉടമസ്ഥനായ അച്ഛന്റെ അമ്മാവന്റെ മകന് കൊടുത്തു തീര്‍ക്കുകയായിരുന്നു ഗിരീഷ് ആദ്യം ചെയ്തത്.
പിന്നീട് ലഭിച്ച തുക മുഴുവന്‍ നിത്യയുടെ കുടുംബത്തിന് കൈമാറി. വാഹന മെക്കാനിക്കായ തളിപ്പറമ്പ് കണ്ടിവാതുക്കല്‍ സ്വദേശി പുതിയപുരയില്‍ വിജയന്റെയും കല്യാശ്ശേരി കല്ലായി വീട്ടില്‍ പ്രേമലതയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് നിത്യ.
ഫേസ്ബുക്കിലൂടെ നിത്യയുടെ നിസ്സഹായാവസ്ഥയറിഞ്ഞകല്യാശ്ശേരി കണ്ടന്തള്ളി ശ്രീകൃഷ്ണ ക്ഷേത്ര ഭാരവാഹികളും, നിത്യയുടെ ബന്ധുക്കളും സഹപാഠികളും, നാട്ടുകാരും ഒരേ മനസ്സോടെ കൈ കോര്‍ത്തപ്പോള്‍ നിത്യ കാലെടുത്തു വെച്ചത് സന്തോഷകരമായ ഒരു കുടുംബ ജീവിതത്തിലേക്കാണ്.
ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ ഗിരീഷ് പൂക്കോത്തിനൊപ്പം കൂടെ നില്‍ക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ഓഫീസറായി വിരമിച്ച തൃച്ചംബരം സ്വദേശി പി.ടി.ഗോകുല ചന്ദ്രനും,
കേരള ഫോക് ലോര്‍ അക്കാദമി തെയ്യം ഫെല്ലോഷിപ്പ് ജേതാവ് ഇ.പി.നാരായണ പെരുവണ്ണാനും ഉണ്ടായിരുന്നു. ഗിരീഷും അദ്ദേഹത്തിന്റെ അമ്മ പി.മീനാക്ഷിയും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.