കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാരുടെ അലംഭാവത്തിനും കൊടുകാര്യസ്ഥതക്കും ആരോഗ്യമന്ത്രി സാക്ഷിയായി.

(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്, പരിയാരം ബ്യൂറോ)

പരിയാരം: അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് ഏറ്റവും പെട്ടെന്ന് തന്നെ ചികില്‍സ ലഭ്യമാക്കേണ്ടത് സംബന്ധിച്ച് ഗംഭീര പ്രസംഗത്തിലൂടെ ബോധവല്‍ക്കരണം നടത്തിയ ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ കണ്ടത് അലംഭാവത്തിന്റെ നേര്‍ക്കാഴ്ച്ച.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ അലംഭാവവും കെടുകാര്യസ്ഥതയും ആരോഗ്യവകുപ്പുമന്ത്രി ഇന്നുച്ചക്ക് നേരിട്ടുകണ്ടു.

മെഡിക്കല്‍ കോളേജിന്റെ നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി മെഡിക്കല്‍ കോളേജിന്റെ പോര്‍ട്ടിക്കോയില്‍ ഔദ്യോഗികവാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

അത്യാസന്ന നിലയിലെത്തിയ ഒരു രോഗിയെ ആംബുലന്‍സില്‍ നിന്ന് ഇറക്കിയെങ്കിലും ട്രോളിയില്ലാത്തതിനാല്‍ രോഗിയുമായെത്തിയവര്‍ പരക്കംപായുകയായിരുന്നു.

ട്രോളിക്ക് വേണ്ടി മന്ത്രിയോടൊപ്പമുണ്ടായിരുന്ന ഡോക്ടര്‍മാര്‍ വിളിച്ചുപറഞ്ഞതിന് ശേഷമാണ് ഒടുവില്‍ അകത്തുനിന്നും ട്രോളിയെത്തിച്ച് രോഗിയെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയത്.

നേരത്തെ ഉദ്ഘാടന പ്രസംഗത്തിനിടയില്‍ പെട്ടെന്ന് പെട്ടെന്ന് തന്നെ കാഷ്വാലിറ്റിയിലെത്തുന്ന രോഗികള്‍ക്ക് പരിചരണം ലഭിക്കണമെന്നും ഇതിനായി കാഷ്വാലിറ്റിയില്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പ്രസംഗിച്ചിരുന്നു.

എന്നാല്‍ അതിന് കടകവിരുദ്ധമായ പ്രവര്‍ത്തിക്കാണ് തൊട്ടടുത്ത നിമിഷത്തില്‍ തന്നെ മന്ത്രി സാക്ഷ്യം വഹിച്ചത്.

നേരത്തെയും ട്രോളിഡ്യൂട്ടി ചെയ്യുന്നവര്‍ അലംഭാവം കാണിക്കുന്നതായി പരാതികളുയര്‍ന്നിരുന്നു.

ആംബുലന്‍സുകള്‍ എത്തുന്ന പോര്‍ട്ടിക്കോയില്‍ തന്നെ ട്രോളിയുമായി ജീവനക്കാര്‍ ഉണ്ടാകേണ്ടതാണെങ്കിലും കടുത്ത അലംഭാവത്തിനാണ് ഇന്ന് മെഡിക്കല്‍ കോളേജ് സാക്ഷ്യംവഹിച്ചത്.

റേഡിയേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനത്തിന് ശേഷം കാഷ്വാലിറ്റി സന്ദര്‍ശിച്ച മന്ത്രി ജനറിക് മരുന്നുകള്‍ മാത്രം രോഗികള്‍ക്ക് കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു.

സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച മരുന്നുകളുടെ ജനറിക് പേരുകള്‍ക്ക് പകരം ബ്രാന്റ്‌നെയിമുകള്‍ എഴുതുന്നത് കാരണം രോഗികള്‍ക്ക് ഫാര്‍മസിയില്‍ നിന്നും മരുന്ന് കിട്ടാത്ത നിലയാണെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കാഷ്വാലിറ്റിയില്‍ 24 മണിക്കൂറും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

കാഷ്വാലിറ്റി രജിസ്റ്ററുകള്‍ പരിശോധിച്ച മന്ത്രി ജീവനക്കാരുമായും ഡോക്ടര്‍മാരുമാരും ഉന്നയിച്ച പരാതികള്‍ സശ്രദ്ധം കേള്‍ക്കുകയും ചെയ്തു.