ശശികുമാറിന്റെയും കെ.പി.കൊട്ടാരക്കരയുടെയും ജീവിതയാത്രക്ക് 58 വയസ്.

മലയാളത്തിന്റെ മാസ്റ്റര്‍ ഡയരക്ടര്‍ ശശികുമാര്‍ സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമയാണ് ജീവിതയാത്ര.

കെ.പി.കൊട്ടാരക്കര ഗണേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ആദ്യത്തെ സിനിമയും ഇതു തന്നെ.

പ്രേംനസീര്‍, മധു, തിക്കുറിശി, അടൂര്‍ഭാസി. എസ്.പി.പിള്ള, ബഹദൂര്‍, കോട്ടയം ചെല്ലപ്പന്‍, ഫ്രണ്ടസ് രാമസ്വാമി, സുകുമാരി, ഷീല, അംബിക എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

കെ.പി.കൊട്ടാരക്കരയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്.

ക്യാമറ എന്‍.എസ്.മണി, എഡിറ്റര്‍ ടി.ആര്‍.ശ്രീനീവാസലു,

കലാസംവിധാനം ആര്‍.ബി.എസ്.മണി. പരസ്യം കെ.ബാലന്‍.

തിരുമേനി പിക്‌ച്ചേഴ്‌സാണ് വിതരണക്കാര്‍.

കഥാസംഗ്രഹം

കൊടിയാട്ടു കുടുംബത്തിലെ കാരണവരായ കുറുപ്പിന്(തിക്കുറിശി) രണ്ടു പുത്രന്മാരാണ് ഉണ്ടായിരുന്നത്. അവരില്‍ മൂത്തവന്‍ രാജന്‍(മധു), അനുജന്‍ വേണു(പ്രേംനസീര്‍). ജ്യേഷ്ഠന്റെ പ്രേരണക്കു വഴങ്ങി ഒരു ദിവസം അച്ഛന്റെ മേശയില്‍ നിന്നും വേണു കുറച്ചു പണം മോഷ്ടിച്ചു. തൊണ്ടി സഹിതം വേണു പിടിക്കപ്പെട്ടു. ക്രുദ്ധനായ കുറുപ്പ് കുട്ടിയെ നിര്‍ദ്ദയമായി തല്ലിയ ശേഷം നല്‍കാതെ മുറിയിലിട്ടു പൂട്ടി. പക്ഷെ, ഉച്ചയ്ക്ക് മുറി തുറന്നു നോക്കിയപ്പോള്‍ വേണുവിനെ കണ്ടില്ല. കുറുപ്പിന്റെ അനുസരണയില്‍ വളര്‍ന്ന രാജന്‍ മുറപ്പെണ്ണായ അച്ഛന്റെ മരുമകള്‍ ലക്ഷ്മിയെ(അംബിക) വിവാഹം ചെയ്ത് വീട്ടില്‍ കഴിഞ്ഞു വന്നു. കുറുപ്പിന്റെ ഒരു സ്‌നേഹിതന്‍ രാജന് മദ്രാസില്‍ ഒരു ജോലി വാങ്ങിക്കൊടുത്തു. അച്ഛനെ പരിചരിക്കുവാന്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ രാജന്‍ ഒറ്റയ്ക്കാണ് ജോലിസ്ഥലത്തു പോയത്. സ്വന്തം സര്‍ക്കസ് കമ്പനി പൊളിഞ്ഞതിനു ശേഷം കവലകളില്‍ ചില്ലറ വേലത്തരങ്ങള്‍ പ്രദര്‍ശിപ്പിച്ചു നാള്‍ നീക്കിപ്പോന്ന ടൈഗര്‍ ആശാന്‍(ഫ്രണ്ട്‌സ് രാമസ്വാമി) തന്റെ മകള്‍ രാധക്ക്(ഷീല) തന്റേടക്കാരനായ മിന്നല്‍ രാമുവിനെ വരനായി അംഗീകരിച്ചു. കുറുപ്പിന്റെ മകന്‍ വേണുവാണ് പോക്കറ്റടി കൊണ്ട് ജീവിതം നയിച്ചു വന്ന മിന്നല്‍ രാമുവെന്ന് ആരും അറിഞ്ഞിരുന്നില്ല.

മദ്രാസില്‍ വെച്ച് പരിചയപ്പെട്ട മാധവന്‍(കോട്ടയം ചെല്ലപ്പന്‍) സഹോദരി വാസന്തിയെ(സുകുമാരി) കൂട്ടിക്കൊടുത്ത് കഴിഞ്ഞിരുന്ന മാധവന്‍ രാജനെ വശീകരിക്കാന്‍ ആവശ്യപ്പെടുന്നു. മകന്‍ വേണു താന്‍ ശിക്ഷിച്ചതിന്റെ പേരിലാണ് നാടുവിട്ടുപോയതെന്ന മനസ്താപത്തില്‍ കഴിഞ്ഞിരുന്ന കുറുപ്പിന്റെ മരണശേഷം രാജന്റെ ഭാര്യ ലക്ഷ്മി കുട്ടിയുമായി മദ്രാസിലെത്തി.വാസന്തിയുടെ വശ്യതയില്‍ മയങ്ങിക്കഴിഞ്ഞിരുന്ന രാജന്‍ അവരെ നിരാകരിച്ചു. ഗതി മുട്ടിയ ലക്ഷ്മി ഒടുവില്‍ വാസന്തിയുടെ വീട്ടില്‍ വേലക്കാരിയായി കൂടി. വാസന്തിയുടെ ക്രൂരത നിറഞ്ഞ പെരുമാറ്റത്താല്‍ ഒരു ദിവസം മകന്‍ കോണിപ്പടിയില്‍ നിന്നു താഴെ വീണു മാരകമായ പരുക്കു പറ്റി ബോദരഹിതനായി. ഈ ദാരുണ സംഭവം രാജന്റെ മനസ്സിനെ ഇളക്കി. പക്ഷേ മാധവന്‍ കൈത്തോക്കുമായി വന്ന് ഭീഷണിപ്പെടുത്തി. മിന്നല്‍ രാമു തക്കസമയത്ത് എത്തിച്ചേര്‍ന്നുവെങ്കിലും മാധവന്‍ തോക്കിന്റെ നിറയൊഴിച്ചു. കളങ്കിനിയായ വാസന്തി രാജന്റെ മുന്നിലേക്ക് ചാടി വെടിയുണ്ട സ്വയം ഏറ്റുവാങ്ങുന്നു. രാജന്റെ കുടുംബജീവിതം കലങ്ങിത്തെളിഞ്ഞു. മാത്രമല്ല അവനു സ്‌നേഹസമ്പന്നനായ അനുജനെയും വീണ്ടു കിട്ടി. വേണുവിനു സ്‌നേഹശീലയും സുമുഖിയുമായ രാധയ്ക്ക് പുറമേ നഷ്ടപ്പെട്ട വീടും ജ്യേഷ്ഠനും വാത്സല്യ നിധിയായ ജ്യേഷ്ഠത്തിയമ്മയും കൊച്ചു മോനും അടങ്ങിയ ജീവിതം തിരിച്ചുകിട്ടുന്നതോടെ ജീവിതയാത്ര അവസാനിക്കുന്നു.

ഗാനങ്ങള്‍(പി.ഭാസ്‌ക്കരന്‍, അഭയദേവ്-സംഗീതം-പി.എസ്.ദിവാകര്‍).

1-അച്ഛനെ ആദ്യമായ്-പി.ലീല.

അഴകിന്‍ നീലക്കടല്‍-എല്.ആര്‍.ഈശ്വരി.

3-കിളിവാതിലിന്‍ ഇടയില്‍കൂടി–എല്‍.ആര്‍.ഈശ്വരി.

4-പറയട്ടെ ഞാന്‍-കമുകറ, പി.സുശീല.

5-പട്ടിണിയാല്‍ പള്ളക്കുള്ളില്‍-കമുകറ, സീറോബാബു, എസ്.ജാനകി.

6-തങ്കക്കുടമേ ഉറങ്ങ്-യേശുദാസ്, പി.ലീല.