കടമ്പേരിയില്‍ ശ്രീകൃഷ്ണ ജയന്തി അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമം

തളിപ്പറമ്പ്: കടമ്പേരിയില്‍ ശ്രീകൃഷ്ണ ജയന്തി അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമം നടത്തിയെന്ന് ബി.ജെ.പി കണ്ണൂര്‍
ജില്ലാ ജന.സെക്രട്ടെറി എ.പി.ഗംഗാധരന്‍.

എല്ലാ വര്‍ഷവും ബാലഗോകുലം കടമ്പേരിയില്‍ നടത്തി വരുന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്രക്ക് ബദലായി ഈ വര്‍ഷം സിപിഎം നടത്തിയ ശോഭയാത്രയുടെ മറവിലാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ മനപൂര്‍വ്വ ശ്രമം.

കടമ്പേരി ക്ഷേത്ര കമ്മിറ്റിയുടെ മറപിടിച്ചാണ് സിപിഎം ശോഭയാത്രയുമായി രംഗപ്രവേശം ചെയ്തത്. ബാലഗോകുലവും ക്ഷേത്ര കമ്മിറ്റിയും ശോഭയാത്ര നടത്തുന്ന വിവരം ലഭിച്ചതിനാല്‍ തളിപറമ്പ് പോലീസ് ഇരുകൂട്ടരേയും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു.

രണ്ട് ശോഭയാത്രയും അയ്യങ്കോല്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കടമ്പേരി ക്ഷേത്രത്തില്‍ സമാധിക്കുന്നതിനാല്‍ രണ്ട് ശോഭയാത്രകളും പുറപ്പെടുന്നതിനിടക്ക് ഒരു മണിക്കൂര്‍ അകലം നിശ്ചയിച്ചിരുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള ക്ഷേത്രക്കമ്മിറ്റി ശോഭയാത്ര 4 മണിക്കും ബാലഗോകുലത്തിന്റെ ശോഭയാത്ര 5 മണിക്കും പുറപ്പെടാനായിരുന്നു ധാരണ.

ചര്‍ച്ചയില്‍ കാവി പതാക കെട്ടാന്‍ പാടില്ല എന്ന് സിപിഎംകാര്‍ വാശി പിടിച്ചെങ്കിലും ബാലഗോകുല പ്രവര്‍ത്തകന്‍ അത് സമ്മതിച്ചിരുന്നില്ല.

നാടൊടുക്കും രണ്ട് ദിവസം മുമ്പ് കൊടി തോരണങ്ങള്‍ കെട്ടിയിരുന്നെങ്കിലും കടമ്പേരിയില്‍ അവ നശിപ്പിക്കപ്പെടും എന്നതിനാല്‍ ഇന്ന് രാവിലെയാണ് പതാക കെട്ടിയത്.

സിപിഎം ശോഭയാത്ര കടന്ന് പോയപ്പോള്‍ റോഡരികിലെ പോസ്റ്റില്‍ കെട്ടിയിരുന്ന മുഴുവന്‍ കാവി പതാകയും അവര്‍ അഴിച്ച് കീറി നശിപ്പിച്ചു.

പോലീസിന്റെ മുന്നിലായിരുന്നു സംഭവം നടന്നതെങ്കിലും നശീകരണം തടയാന്‍ ഒരു നടപടിയും ഉണ്ടായില്ല.

ഒരു കാലത്ത് സംഘ – പരിവാര്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരുന്ന കടമ്പേരിയില്‍ കുറേ കാലമായി പ്രശ്‌നങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ല.

ഭരണത്തിന്റെ ഹുങ്കില്‍ മനപൂര്‍വ്വം പ്രശ്‌നം സൃഷ്ടിച്ച് സമാധാനം തകര്‍ക്കാനുള്ള സിപിഎം ശ്രമത്തെ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എ.പി. ഗംഗാധരന്‍ അപലപിച്ചു.