വിശ്വാസികളറിയാതെ അര കോടി രൂപ വിലമതിക്കുന്ന സ്ഥലം ദാനം ചെയതു-കണ്ണൂര്‍ രൂപത ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ്ണ
തളിപ്പറമ്പ്: വിശ്വാസികളെ അറിയിക്കാതെ റവന്യൂവകുപ്പിന് 10 സെന്റ് സ്ഥലം ദാനം ചെയ്ത കണ്ണൂര്‍ രൂപതക്കെതിരെ ഇടവക സമൂഹത്തിന്റെ അണപൊട്ടിയ പ്രതിഷേധം.
പട്ടുവം വില്ലേജ് ഓഫീസ് നിര്‍മ്മിക്കാനാണ് 50 ലക്ഷം രൂപ മതിപ്പ് വിലയുള്ള സ്ഥലം കണ്ണൂര്‍ രൂപത സൗജന്യമായി നല്‍കിയത്.
ഇതിനെതിരെയാണ് സ്ഥലം സ്ഥിതിചെയ്യുന്ന വെള്ളിക്കീല്‍ സെന്റ് തോമസ് ദേവാലയ പരിധിയിലെ ഇടവകാ സമൂഹം കണ്ണൂര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.
പരിമിതമായ സൗകര്യങ്ങള്‍ മാത്മുള്ള ഫാദര്‍ സുക്കോള്‍ സ്ഥാപിച്ച തികച്ചും സാധാരണക്കാരായ ജനങ്ങളുള്ള ഒരു ഇടവകയാണ് വെള്ളിക്കീല്‍ സെന്റ് തോമസ് ദേവാലയം.
ദേവാലയം പണിത കാലത്തിനുള്ളതിനേക്കാള്‍ വിശ്വാസികളുടെ എണ്ണം കൂടിവന്നു.
ഇടവകയുടെ അടിസ്ഥാന ആവശ്യങ്ങള്‍ ആയ സണ്‍ഡേ സ്‌കൂളിന്റെ ഹാള്‍, റോഡ്, ടോയ്ലറ്റ്, ഇടയ്ക്കിടെയുള്ള മെയിന്റനന്‍സ്, ഗ്രോട്ടോ, സൗണ്ട് സിസ്റ്റം, ഗ്രൗണ്ട്, അള്‍ത്താര നവീകരണം അച്ഛന്മാര്‍ക്ക് താമസിക്കേണ്ട പള്ളിമേടപോലും റബര്‍, ടവര്‍, ബില്‍ഡിങ് വാടക, കശുവണ്ടിപ്പാട്ടം എന്നിവയില്‍ നിന്നുള്ള വരുമാനം ദേവാലയ പരിധിയില്‍ ഉണ്ടായിട്ടുപോലും വെള്ളിക്കീല്‍ ഇടവക അംഗങ്ങള്‍ പിരിവെടുത്തും, ശ്രമധാനം നടത്തിയുമാണ് ഇതുവരെ ചെയ്തത്.
ഈ വരുമാനത്തില്‍നിന്നും ഒരു ചില്ലിക്കാശുപോലും ഇടവകയ്ക്ക് വേണ്ടി ഇന്നേവരെ തന്നില്ല-
ആ വരുമാന മാര്‍ഗമെല്ലാം ഇവിടെയുള്ള ജനങ്ങളുടെ വളര്‍ച്ചയ്ക്കുതകുവാനായി മിഷനറിമാര്‍ ഉണ്ടാക്കിയതാണ്.
ഇടവകയുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചോദിച്ചിട്ടു പോലും ഒന്നും ചെയ്യാന്‍ മനസ്സില്ലാത്തവരുടെ ഇപ്പോഴുള്ള ഈ ദാനശീലം സംശയാസ്പദവും, ചോദ്യപ്പെടേണ്ടതുമാണെന്നാണ് ഇടവകാ സമൂഹത്തിന്റെ വാദം.
ഇന്ന് വൈകുന്നേരം നടന്ന ധര്‍ണ്ണയില്‍ പട്ടുവം-വെള്ളീക്കീല്‍ ഇടവകളില്‍ നിന്നുള്ള നാനൂറോളം പേര്‍ പങ്കെടുത്തു.
കെ.എ.സണ്ണി, കെ.പ്രകാശന്‍, സെല്‍വിന്‍ ഫ്രാന്‍സീസ്, സുമേഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍മാരായ സെല്‍വിന്‍ ഫ്രാന്‍സിസ്, ഇ.സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
