സ്‌ക്കൂളുകളിലെ ഇടിയന്‍മ്മാര്‍ക്ക് കോടതിയുടെ താക്കീത്

കൊച്ചി: അടികിട്ടാത്ത കുട്ടി നന്നാകില്ല’ എന്നതിനോട് യോജിക്കാനാകില്ലെന്നും കുട്ടികള്‍ക്ക് ശാരീരികശിക്ഷ നല്‍കാന്‍ അധ്യാപകര്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി.

അച്ചടക്കത്തിന്റെ പേരിലാണെങ്കിലും ഇത് അംഗീകരിക്കാനാകില്ല.

എന്നാല്‍, അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ചെറിയ ശിക്ഷകളെ ക്രിമിനല്‍ക്കുറ്റമായി കാണാനാകില്ലെന്നും ജസ്റ്റിസ് സി. ജയചന്ദ്രന്‍ വ്യക്തമാക്കി.

കുട്ടികളെ ചൂരല്‍ ഉപയോഗിച്ച് അടിച്ചെന്ന പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ രണ്ട് അധ്യാപകരുടെപേരില്‍ പോലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

നാലാം ക്ലാസുകാരിയെ പിവിസി പൈപ്പുകൊണ്ട് അടിച്ചതിന് താത്കാലിക നൃത്താധ്യാപകന്റെപേരില്‍ നോര്‍ത്ത് പറവൂര്‍ പോലീസെടുത്ത കേസ് റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

എന്നാല്‍, മാരകായുധം ഉപയോഗിച്ച് കുട്ടിയെ അടിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ റദ്ദാക്കി.

കേസില്‍ പുതിയ കുറ്റപത്രം നല്‍കാനും നിര്‍ദേശിച്ചു.

ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ചൂരല്‍ പ്രയോഗം കുറ്റമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

എന്നാല്‍, ബാലനീതിനിയമത്തിലെ ഈ വകുപ്പ് സ്‌കൂളിനും അധ്യാപകര്‍ക്കും ബാധകമല്ലെന്ന് കോടതി പറഞ്ഞു.