നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്ത കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വ്വഹിച്ചത് വിവാദമായി.
തളിപ്പറമ്പ്: നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്ത കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വ്വഹിച്ചത് വിവാദമായി. പരിപാടിയില്‍ അധ്യക്ഷത വഹിക്കേണ്ട നഗരസഭ ചെയര്‍പേഴ്സന്‍വിട്ടുനിന്നു.
ഇന്ന് നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായി.
നഗരസഭ അനധികൃതമായി കണ്ട് പണി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ചെയര്‍പേഴ്സന്‍ അധ്യക്ഷത വഹിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു കൗണ്‍സിലിന്റെ അഭിപ്രായം.
ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈ വാര്‍ത്ത ഇന്ന് നടന്ന നഗരസഭ കൗണ്‍സിലില്‍ പോലും ചര്‍ച്ചാവിഷയമായി മാറി.
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനും ഇതിനോട് യോജിച്ചതോടെ താന്‍ പങ്കെടുക്കുന്നില്ലെന്ന് ചെയര്‍പേഴ്സന്‍ പ്രഖ്യാപിച്ചു.
തളിപ്പറമ്പ് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലിന്റെ ഭാഗമായി കുപ്പം ബോട്ട് ജെട്ടിക്ക് സമീപം നിര്‍മ്മിച്ച കെട്ടിടത്തില്‍ ഹോട്ടലുകളും മറ്റ് ഭക്ഷ്യപാനീയങ്ങളുടെ സ്റ്റാളുകളുമാണ് ആരംഭിക്കുന്നത്.
നിര്‍മ്മാണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് പണിയുന്ന കെട്ടിടത്തിന് നഗരസഭ എഞ്ചിനീയര്‍ ബന്ധപ്പെട്ടവര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
അതൊക്കെ ലംഘിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇന്ന് വൈകുന്നേരം മൂന്നിന് നടന്ന ചടങ്ങില്‍ എം.വി.ഗോവിന്ദന്‍ എം.എല്‍.എയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
നഗരസഭ കൗണ്‍സിലര്‍ കെ.എം.ലത്തീഫ് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടെറി ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മലബാര്‍ക്രൂയിസ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ബോട്ട്ജെട്ടിക്ക് സമീപമുള്ള സ്ഥലത്താണ് ഹോട്ടലുകളും ഭക്ഷ്യപാനീയകടകളും നിര്‍മ്മിച്ചത്.
ഇത് ദേശീയപാതയുടെ സ്ഥലം കയ്യേറിയാണെന്നും പരാതി ഉയര്‍ന്നിരുന്നു. ഇവിടെ സ്ഥിരം നിര്‍മ്മിതി പാടില്ലെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും സിമന്റും കോണ്‍ക്രീറ്റ് കട്ടകളും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
മാത്രമല്ല പുലര്‍ച്ചെ മൂന്ന് മണി വരെ പ്രവര്‍ത്തിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇവിടെ ബോട്ട് ജെട്ടിയുടെ സിംഹഭാഗവും ഹോട്ടലുകളും ഭക്ഷ്യപാനീയ സ്റ്റാളുകളും കയ്യടക്കിയിരിക്കയാണ്.
ഇത് കൂടാതെ ബെല്ലി ഹട്സ് എന്ന കൂറ്റന്‍ ബോര്‍ഡും വഴിമുടക്കിയായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
